വീട്ടിൽ ചികിത്സയിൽ കഴിയുന്ന രതീഷ്.
വടക്കഞ്ചേരി: നാലുമാസംമുമ്പ് കണ്ണൂരിലുണ്ടായ കാറപകടത്തിന്റെ നടുക്കത്തിൽനിന്നും ഇനിയും മുക്തമാകാതെ വടക്കഞ്ചേരി കൊടിക്കാട്ടുകാവ് സ്വദേശി രതീഷും കുടുംബവും.
അപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രതീഷിന്റെ അമ്മ ശാരദ (70)യെ ഒരുമാസംമുന്പ് മരണം കവർന്നെടുത്തു. അപകടത്തിൽ പരിക്കേറ്റ രതീഷ് ഉൾപ്പെടെ മറ്റുള്ളവരെല്ലാം ഇപ്പോഴും ചികിത്സയിലും വിശ്രമത്തിലുമാണ്.
കഴിഞ്ഞ ഏപ്രിൽ അഞ്ചിന് വൈകീട്ട് കണ്ണൂർ ചക്കരക്കല്ല് എന്ന സ്ഥലത്തായിരുന്നു അപകടം. കണ്ണൂരിലെ സുഹൃത്തിന്റെ വീടുമാറ്റത്തിന് പോയതായിരുന്നു രതീഷ് (46) ഉൾപ്പെടെയുള്ള ഏഴംഗ കുടുംബം.
അമ്മയുടെ വേർപാട് നൽകിയ വലിയ ആഘാതത്തിനു പുറമെ രതീഷും മറ്റു കുടുംബാംഗങ്ങളും ചികിത്സ തുടരുകയാണ്. അമ്മയെ കൂടാതെ അച്ഛൻ രവീന്ദ്രൻ (73), രതീഷിന്റെ ഭാര്യ സവിത (38), മക്കളായ ശ്രീലക്ഷ്മി (17), ശ്രീരാഗ് (16), ഭാര്യാ സഹോദരന്റെ മകൾ ശിവാനി (13) എന്നിവരാണ് രതീഷ് ഓടിച്ച കാറിലുണ്ടായിരുന്നത്. സുഹൃത്തിന്റെ വീട്ടിലെ പരിപാടി കഴിഞ്ഞ് സമീപത്തെ ബീച്ച് കാണാൻ പോകുമ്പോഴായിരുന്നു അപകടം. അപകടത്തിന് തൊട്ടുമുമ്പ് കടയിൽനിന്നും ശീതളപാനീയങ്ങൾവാങ്ങി യാത്ര തുടരുന്നതിനിടെ തൊട്ടടുത്തെ വളവിൽ ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
രതീഷിന് രണ്ടുമാസത്തിനു ശേഷമാണ് ഓർമ തിരിച്ചു കിട്ടിയത്. എന്നാൽ അപകടത്തെക്കുറിച്ചോ തുടർന്നുള്ള രണ്ടുമാസത്തെ ചികിത്സകളെകുറിച്ചോ രതീഷിന് ഓർമയില്ല. അപകടത്തിൽ കുട്ടികൾ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അമ്മയ്ക്കും രതീഷിനുമാണ് ഗുരുതരമായ പരിക്കുണ്ടായിരുന്നത്.അമ്മ മരിക്കുമ്പോൾ രതീഷിന് ചെറിയ രീതിയിൽ ഓർമ തിരിച്ചു വന്നുതുടങ്ങിയിരുന്നു. ഇതിനാൽ അവസാനമായി അമ്മയെ കാണാൻ കഴിഞ്ഞെന്ന് രതീഷ് പറഞ്ഞു.
പഴയന്നൂരിനടുത്ത് പാട്ടോല തിരുവടിയിലുള്ള ഭാര്യാ വീട്ടിലാണ് രതീഷ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇടയ്ക്കിടെ ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകണം. തലയിലൂടെ കമ്പി തുളച്ചു കയറിയിരുന്നു. കമ്പികളിട്ടാണ് രണ്ടു കാലുകളും ബലപ്പെടുത്തിയിട്ടുള്ളത്.
കൊല്ലം പത്തനാപുരത്തുള്ള രതീഷിന്റെ അനുജൻ രമേശിന്റെ വീട്ടിലാണ് അച്ഛൻ രവീന്ദ്രൻ വിശ്രമത്തിലുള്ളത്. വടക്കഞ്ചേരി പാളയത്ത് ശ്രീ എന്ന
പേരിൽ ഇലക്ട്രിക് കടയാണ് രതീഷിന്.
മാസങ്ങളായി കട അടച്ചിട്ടിരിക്കുകയാണ്. ബാധ്യതകളുടെയും കടപ്പാടുകളുടെയും വലിയ ഭാരമുണ്ടെങ്കിലും സ്വയം നടക്കാവുന്ന സ്ഥിതിയായാൽ കടതുറന്ന് ജീവിതം വീണ്ടും കരുപിടിപ്പിക്കണമെന്നാണ് രതീഷിന്റെ ആഗ്രഹം.
ഇതിനിടെ കുടുംബത്തിലെ എല്ലാകാര്യങ്ങൾക്കും ഓടിനടന്നിരുന്ന രതീഷിന്റെ ഭാര്യാസഹോദരൻ സഞ്ജയ് (44) ബൈക്കിനു കുറുകേ നായ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായതും വേദനകളുടെ പ്രഹരം കൂട്ടി.
Tags : Nattuvishesham Districtnews