തലക്കാവേരി ക്ഷേത്രകവാടത്തിനു മുന്നിൽ പുളിങ്ങോത്തേക്കുള്ള വനപാത തുടങ്ങുന്ന ഭാഗം ചങ്ങലയിട്ട് കെട്ടിയ നിലയിൽ.
പാലാവയൽ: പുളിങ്ങോത്തുനിന്ന് കർണാടകയിലെ ബാഗമണ്ഡലത്തേക്കുള്ള ദൂരം 18 കിലോമീറ്റർ മാത്രമാണ്. കാലങ്ങൾക്കു മുമ്പ് തലക്കാവേരി ക്ഷേത്രത്തിലേക്കു കാൽനടയായി പോകാനും തലച്ചുമടായും ജീപ്പിലും ഇരുവശങ്ങളിലേക്കും മലഞ്ചരക്കുകൾ എത്തിക്കാനുമൊക്കെ ഇരു സ്ഥലങ്ങൾക്കുമിടയിലുള്ള വനപാത ഉപയോഗിച്ചിരുന്നു. എന്നാൽ കാൽനൂറ്റാണ്ടു മുമ്പ് കർണാടക വനംവകുപ്പ് അധികൃതർ ഈ പാത അടച്ചു. ഇതോടെ ഇപ്പോൾ പുളിങ്ങോത്തു നിന്നു ബാഗമണ്ഡലത്തേക്ക് എത്തണമെങ്കിൽ 80 കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ട നിലയാണ്.
കേരളത്തിന്റെ ആവശ്യപ്രകാരം 1999 ൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അനുമതിയോടെ ഏഴിമല നാവിക അക്കാദമിയിൽ നിന്നുതുടങ്ങി ബംഗളൂരു വരെ എത്താവുന്ന പുതിയ പാതയ്ക്കായി പദ്ധതി തയാറാക്കിയിരുന്നു. 2005-07 കാലത്ത് കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് അഞ്ചു കോടിയിലധികം രൂപ ചെലവിട്ട് ചെറുപുഴയിൽ നിന്ന് റോഡും പുളിങ്ങോം ടൗണിൽ നിന്ന് 200 മീറ്ററോളം അകലെ പാലവും നിർമിച്ചു. എന്നാൽ പാലംകടന്ന് മറുകരയിൽ പ്രവേശിക്കുന്ന ഭാഗം ഇപ്പോഴും ചങ്ങലയിട്ട് അടച്ച നിലയിലാണ്. തലക്കാവേരി ക്ഷേത്രകവാടത്തിനു സമീപം റോഡ് തുടങ്ങുന്ന ഭാഗവും ചങ്ങല കെട്ടി അടച്ചു. കർണാടക വനംവകുപ്പിന്റെ വാഹനങ്ങൾക്കു മാത്രമാണ് ഇതുവഴി പ്രവേശനം അനുവദിക്കുന്നത്. ഈ വാഹനങ്ങളെത്തുമ്പോൾ ചങ്ങല അഴിച്ചുമാറ്റുകയും കടന്നുപോയ ഉടൻ തന്നെ വീണ്ടും കെട്ടുകയുമാണ്. 20 വർഷമായി വെറുതേയിട്ടിരിക്കുന്ന പാലത്തിന്റെ ഇരുവശങ്ങളിലും ഇപ്പോൾ കാടുകയറി.ഏഴിമല - പുളിങ്ങോം - ബാഗമണ്ഡലം പാത യാഥാർഥ്യമായാൽ ഏഴിമല നാവിക അക്കാദമിയിലും പെരിങ്ങോം സിആർപിഎഫ് കേന്ദ്രത്തിലും നിന്ന് കുറഞ്ഞ ദൂരത്തിൽ ബംഗളൂരുവിൽ എത്തിച്ചേരാൻ കഴിയും. കേരളത്തിൽ നിന്നു തലക്കാവേരിയിലേക്കും കുടകിലേക്കും പോകുന്നവർക്കും കർണാടകയിൽ നിന്ന് കൊട്ടിയൂരിലേക്കും തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രവും വിളക്കന്നൂർ ക്രിസ്തുരാജ തീർഥാടന ദേവാലയവുമുൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്കും എത്തുന്നവർക്കും ഇത് ഏറെ പ്രയോജനം ചെയ്യും.
ബംഗളൂരുവിൽ നിന്ന് കുറഞ്ഞ ദൂരത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെത്താനും സാധിക്കും. ഇതോടൊപ്പം ചെറുപുഴ, പെരിങ്ങോം-വയക്കര, ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി പഞ്ചായത്തുകളുടെ സമഗ്രവികസനത്തിനും വിനോദസഞ്ചാരമേഖലയ്ക്കും ഇത് ഏറെ ഗുണകരമാകും.
ഈ റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യം രാജ്മോഹൻ ഉണ്ണിത്താൻ എംപി ലോക്സഭയിൽ ഉന്നയിച്ചിരുന്നു. മലയോരമേഖലയിൽനിന്നു ബംഗളൂരുവിലെ മലയാളി കൂട്ടായ്മകളുടെ ഇടയിൽനിന്നും ഈ റോഡിനായി പലതവണ ആവശ്യമുയർന്നിരുന്നു. എന്നാൽ അപ്പോഴൊന്നും കർണാടക സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടായില്ല.
എന്നാൽ രണ്ടു സംസ്ഥാനങ്ങളിലും ഒരേസമയത്ത് കോൺഗ്രസ് സർക്കാരുകൾ അധികാരത്തിലെത്തിയതോടെ ഈ റോഡിന്റെ കാര്യത്തിൽ വീണ്ടും പ്രതീക്ഷകളുണരുകയാണ്. മുഖ്യമന്ത്രി വി.ഡി.സതീശനും കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും മികച്ച വ്യക്തിബന്ധം പുലർത്തുന്നവരും ദീർഘകാല ലക്ഷ്യങ്ങളോടെയുള്ള വികസന കാര്യങ്ങളിൽ ഒരേ വീക്ഷണം പങ്കിടുന്നവരുമാണ്. വയനാട് ജില്ലയിൽ കബനി നദിക്കു കുറുകെ സമാനമായ രീതിയിൽ മുടങ്ങിക്കിടക്കുന്ന ബൈലക്കുപ്പ പാലത്തിന്റെയും റോഡിന്റെയും പണി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ സംസ്ഥാന സർക്കാർ കർണാടക മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാതയുടെ കാര്യത്തിലും വീണ്ടും ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇതുലെ ബാഗമണ്ഡലം റോഡിന്റെ കാര്യത്തിലും ഇരു സർക്കാരുകളും തമ്മിൽ ചർച്ച നടത്തി ധാരണയിലെത്തണമെന്നാണ് മലനാടിന്റെ ആവശ്യം.
Tags : ???????????-?????????????? ????????? Nattuvishesham DistrictNews