കായംകുളം: തീരദേശ പാതയിൽ ആലപ്പുഴ, കായംകുളം റെയില്‍വേ സ്റ്റേഷനുകളില്‍ നടന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ജൂലൈ 31നകം പൂര്‍ത്തിയാക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഉറപ്പു നല്‍കിയതായി കെ.സി. വേണുഗോപാൽ എംപി അറിയിച്ചു. നിർമാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ അനന്തമായി നീളുന്നതിലേ അസംതൃപ്തി ഡിവിഷണല്‍ റെയില്‍വേ മാനേജറെ അറിയിച്ചതായും എംപി പറഞ്ഞു.
കായംകുളത്ത് ജൂലൈ അവസാനത്തോടെ പണികള്‍ പൂര്‍ത്തീകരിക്കും. നിലവിലെ പ്രവേശന കവാടത്തിനു പുറമെ ഒരു പ്രവേശന മാർഗം കൂടി സജ്ജമാക്കും. പുതുതായി ഒരു കാത്തിരിപ്പു കേന്ദ്രത്തിനു കൂടി അനുമതിയായി.
കായംകുളത്തെ അപ്രോച്ച് റോഡിന്റെ നിർമാണവും ഉടന്‍ പൂര്‍ത്തിയാക്കും. ഓച്ചിറയിലെ മേല്‍നടപ്പാലത്തിന്റെ നിർമാണം ഉടന്‍ പൂര്‍ത്തിയാകും. കരുനാഗപ്പള്ളിയില്‍ നടന്നുവരുന്ന ആറു കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് എംപി നിര്‍ദേശിച്ചു.
ആദ്യഘട്ടമായി പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. പാത ഇരട്ടിപ്പിക്കലിന്റെ വിശദമായ പദ്ധതിക്ക് അന്തിമാനുമതി ലഭിച്ചതിനാല്‍ ഭൂമി ഏറ്റെടുപ്പ് സമയബന്ധിതമായി നടത്തുന്നതിന് ഒരു കലണ്ടര്‍ തയാറാക്കണമെന്ന് റെയില്‍വേയോട് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ ഇടപെടല്‍ ഉറപ്പാക്കും. റവന്യൂ മന്ത്രി എ.പി. അനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ ആലപ്പുഴയില്‍ യോഗം ചേരുമെന്നും എംപി പറഞ്ഞു.
ആലപ്പുഴ റെയില്‍വേ സ്റ്റേഷന്റെ അപ്രോച്ച് റോഡിന്റെ നിർമാണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം . ഇതിന്റെ നിർമാണം അനിശ്ചിതമായി നീളുന്നത് യാത്രക്കാര്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നതെന്നും എംപി ചൂണ്ടിക്കാട്ടി. സ്റ്റേഷനു വടക്കുഭാഗത്ത് കല്ലന് ഗേറ്റില്‍ ബീച്ചിലേക്കു ബന്ധിപ്പിക്കുന്ന പാതയില്‍ മേല്‍പ്പാലം നിർമിക്കാൻ അനുമതിയായി.
കെആര്ഡിസിഎല്ലിനാകും ഇതിന്റെ നിർമാണ ച്ചുമതല. പ്ലാറ്റ്ഫോം ഷെല്ട്ടറില്ലാത്ത പ്രദേശങ്ങളില്‍ ഷെല്‍ട്ടറുകള്‍ നിർമിക്കുന്നതിന് അനുമതിയായി. ഘട്ടം ഘട്ടമായി ഇതു പൂര്‍ത്തീകരിക്കും. ആദ്യഘട്ടത്തില്‍ അനുമതിയായ വര്‍ക്കുകള്‍ ഉടന്‍ ടെന്‍ഡര്‍ ചെയ്യും. സ്റ്റേഷനില്‍ ആര്‍ഒ പ്ലാന്റ് സ്ഥാപിക്കാനും പ്രാദേശിക വികസന ഫണ്ടില്‍നിന്നു തുക അനുവദിക്കുമെന്ന് എംപി പറഞ്ഞു.