പ്രതീകാത്മക ചിത്രം
തൊടുപുഴ: വൈദ്യുതി മന്ത്രിയായതിനു ശേഷം ആദ്യമായി ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസും ഇടുക്കി അണക്കെട്ടും സന്ദര്‍ശിക്കാനെത്തിയ മന്ത്രി സണ്ണി ജോസഫിനു മുന്നില്‍ ജില്ലയിലെ ജനകീയ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് ജനപ്രതിനിധികള്‍.
ഇടമലക്കുടിയില്‍ വൈദ്യുതിയെത്താത്ത വീടുകളില്‍ ഇതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ സമഗ്ര വികസന പാക്കേജ് നടപ്പാക്കണമെന്നായിരുന്നു ഡീന്‍ കുര്യാക്കോസ് എംപിയുടെ ആവശ്യം.
മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമിനു മുകളിലൂടെയുള്ള ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. കെഎസ്ഇബി ക്വാര്‍ട്ടേഴ്സുകള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീടുകളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകളില്‍നിന്ന് തിരിച്ച് വൈദ്യുതി ഗ്രിഡിലേക്കു നല്‍കുമ്പോഴുള്ള സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നായിരുന്നു ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടത്.
ഇതിനു പുറമേ വൈദ്യുതി പോസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം. മെറ്റീരിയല്‍ മാനേജ്മെന്റ് കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓണത്തോടനുബന്ധിച്ച് പത്തു ദിവസം ഇടുക്കി ഡാം തുറന്നു കൊടുക്കുന്നത് ഓണത്തിനു ശേഷവും തുടരണമെന്ന ആവശ്യം റോയി കെ. പൗലോസ് എംഎല്‍എ ഉന്നയിച്ചു.
നിര്‍മലസിറ്റി സബ് സ്റ്റേഷന് നിര്‍മാണവുമായി ബന്ധപ്പെട്ട് പട്ടയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരേ നഷ്ടപരിഹാരം നല്‍കണം. 16 കോടി ചെലവഴിച്ച് നടപ്പാക്കിയ ആമപ്പാറ സോളാര്‍ പ്ലാന്റ് പദ്ധതി കാടുപിടിച്ചു കിടക്കുകയാണെന്ന് സേനാപതി വേണു എംഎല്‍എ മന്ത്രിയെ ധരിപ്പിച്ചു.
ആനയിറങ്കല്‍ ഡാമില്‍ ബോട്ടിംഗ് പുനരാരംഭിക്കണമെന്നും കല്ലാര്‍ ഡാമില്‍ ചെളിയും എക്കലും നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാഗമണ്ണില്‍ പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്നായിരുന്നു സിറിയക് തോമസ് എംഎല്‍എയുടെ ആവശ്യം.
കട്ടപ്പന നഗരസഭാ ചെയര്മാന് ജോയി വെട്ടിക്കുഴി, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ജനറേഷന് ഇലക്ട്രിക്കല്‍ ആന്‍ഡ് സിവില്‍ വിഭാഗം ഡയറക്ടര്‍ എം.പി. രാജന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags : Nattuvishesham District News Representatives questions