കോട്ടയം: പെട്രോള്‍ പമ്പുകളില്‍നിന്നു വാഹനങ്ങളുടെ ടാങ്കിലേക്കു മാത്രമേ ഇന്ധനം നൽകുകയുള്ളുവെന്ന നിര്‍ദേശം പുറത്തുവന്നതോടെ കൃഷികള്‍ക്കാവശ്യമായ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന കര്‍ഷകര്‍ ദുരിതത്തിലായി.
ദിവസങ്ങള്‍ക്കു മുമ്പാണ് മുന്നറിയിപ്പില്ലാതെ പെട്രോള്‍ പമ്പുകളില്‍ പിഇഎസ്ഒ (പെട്രാളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്ഗനൈസേഷന്) നിയമങ്ങള്‍ അനുസരിച്ച് ഇന്ധനം വാഹനങ്ങളുടെ ടാങ്കുകളിലേയ്ക്കു നേരിട്ടു മാത്രമേ വിതരണം ചെയ്യൂ എന്ന നിര്‍ദേശമടങ്ങിയ നോട്ടീസ് പതിപ്പിച്ചു നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
ഇതോടെ പ്ലാസ്റ്റിക് കുപ്പി, ജാര് എന്നിവയില്‍ പമ്പുകളില്‍നിന്ന് ഇന്ധനം വിതരണം ചെയ്യുന്നില്ല. ഇതോടെയാണ് ചെയിൻസോ, പുല്ലുവെട്ടി, ട്രില്ലര്‍, ട്രാക്ടര്‍, സ്പ്രെയര്‍ തുടങ്ങിയ മെഷീനുകള്‍ ഉപയോഗിക്കുന്നവര്‍ ബുദ്ധിമുട്ടിലായത്. പല കാര്‍ഷിക ഉപകരണങ്ങളും ഒരു കൃഷിയിടത്തില്‍നിന്നു മറ്റൊരു കൃഷിയിടത്തിലേക്ക് മാത്രം എത്തിച്ച് ഉപയോഗിക്കുന്നവയാണ്. ഈ മെഷീനുകളില്‍ ഇന്ധനം നിറയ്ക്കണമെങ്കില്‍ പെട്രോള്‍ കൃഷിയിടത്തില്‍ എത്തിച്ചേ മതിയാകൂ.
പുതിയ നിര്‍ദേശം വന്നതോടെ ഇത്തരം മെഷീനുകള്‍ ഉപയോഗിച്ചു തൊഴില്‍ ചെയ്തു ജീവിക്കുന്നവര്‍ക്കു വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കുപ്പികളിലോ ജാറുകളിലോ അല്ലാതെ എങ്ങനെ ഇന്ധനം കൃഷിയിടത്തില്‍ എത്തിക്കുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. ഈ പ്രശനത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു യാതൊരുവിധ ബോധവത്കരണവും നടത്താതെയാണ് ഈ നിയന്ത്രണമെന്ന് പരാതിയുണ്ട്. അടിയന്തരമായി അധികൃതര്‍ പ്രശ്നത്തില്‍ ഇടപെട്ടു തങ്ങള്‍ക്ക് അനുകൂലമായി നടപടി സ്വീകരണക്കമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Tags :