കോട്ടയം: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഓഗസ്റ്റ് ഒന്നു മുതല്‍ കോട്ടയം നഗരത്തില്‍ തെരുവോര കച്ചവടക്കാരെ നിയന്ത്രിക്കാന്‍ നഗരസഭ.
തെരുവോര കച്ചവടങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ചും നഗരസഭാ പരിധിയിലെ സാമൂഹ്യവിരുദ്ധരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചുമുള്ള വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുമായി ഇന്നലെ നഗരസഭാ ചെയര്‍പേഴ്സണ്‍ എം.പി. സന്തോഷ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തില്‍ നഗരത്തിലെ തെരുവോര കച്ചവടവുമായി ബന്ധപ്പെട്ട് മറ്റു ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.
നഗരസഭാ പരിധിയില്‍ കച്ചവടം നടത്തുന്ന നൈറ്റ്കടകള്രാത്രി എട്ടു മുതല്‍ 12 വരെയും ബജിക്കടകള്‍ വൈകുന്നേരം നാലു മുതല്‍ എട്ടു വരെയും മാത്രമേ പ്രവര്‍ത്തിക്കാവൂ. തെരുവോര കച്ചവടം നാലു വീല്‍ വണ്ടിയില്‍ മാത്രമേ ക്രമീകരിക്കാന്‍ പറ്റുകയുള്ളൂ. ഇതിന് മറ്റ് ചാര്‍ത്തുകളോ, പടുതാകളോ പാടില്ല. അതത് ദിവസം കച്ചവടത്തിനുശേഷം വണ്ടി ഫുട്പാത്തില്നിന്നു മാറ്റേണ്ടതാണ്. കാല്‍നടയാത്രക്കാര്‍ക്ക് തടസമുണ്ടാകുന്ന വിധത്തില്‍ ഫുട്ത്തുകളില് തെരുവോരകച്ചവടം അനുവദിക്കില്ല.
നിരോധിക്കപ്പെട്ട മുറുക്കാന്‍, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവയുടെ കച്ചവടം അനുവദിക്കുന്നതല്ല. സൗജന്യമായി നഗരത്തില്‍ ഭക്ഷണം നല്‍കുന്നവരെ നിയന്ത്രിക്കും.
ഇതിനായി പൊതുഇടം സജ്ജമാക്കും. തിരുനക്കര മൈതാനം, നാഗമ്പടംബസ് സ്റ്റാന്‍ഡ്, നെഹ്റു സ്റ്റേഡിയം, തിരുനക്കര ക്ഷേത്രമൈതനം എന്നിവിടങ്ങളില്‍ തമ്പടിച്ചിരിക്കുന്ന സാമൂഹ്യവിരുദ്ധരെയും യാചകരെയും പോലീസുമായി ചേര്‍ന്ന് ഒഴിപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
ചെയര്മാന് എം.പി. സന്തോഷ്കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീബാ പുന്നന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, വിവിധ കക്ഷി നേതാക്കളായ കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി ബി. അനില്‍കുമാര്‍, ക്ലീന്‍ സിറ്റിമാനേജര്‍ ടി.എ. തങ്കം, വെസ്റ്റ് പോലീസ് എസ്ഐ ടി.സി. അജയ്, ഈസ്റ്റ് പോലrസ് എസ്ഐ ബോബി ഏബ്രഹാം, ഗാന്ധിനഗര്‍ പോലീസ് എസ്ഐ എം.ബി. പ്രശാന്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ നാരായണന്‍കുട്ടി, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ സിജു ബെന്‍, ഡിഎംഒയുടെ പ്രതിനിധികളായ ഡോ.സിതാര വൈ, ഡോ.ആശ, പിഡബ്ല്യുഡി റോഡ്സിനുവേണ്ടി അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സി.എസ്. സീമ എന്നിവര്‍ പങ്കെടുത്തു.