നാൽപതാം വർഷവും കാൽനടയായി മലയാറ്റൂർ കുരിശുമലയിലേക്കു യാത്രചെയ്യുന്ന റോഷി അഗസ്റ്റിനും സംഘവും.
ഇടുക്കി: പതിവ് തെറ്റിക്കാതെ നാല്‍പ്പതാം വര്‍ഷവും റോഷിയും സംഘവും കാല്‍നടയായി മലയാറ്റൂരിലേക്ക് പുറപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി കൊടുത്താണ് മലയാറ്റൂരിലേക്കു പുറപ്പെട്ടത്. ഇന്ന് അര്‍ധരാത്രിക്ക് മുന്‍പായി കുരിശുമല ചവിട്ടാന്‍ കഴിയുമെന്നാണ് കരുതുന്നത്.
ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വലിയൊരു സംഘത്തോടൊപ്പമാണ് യാത്ര. രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം, കുറുപ്പംപടി, കോടനാട് വഴിയാണ് സംഘം യാത്ര ചെയ്യുന്നത്. പത്താം ക്ലാസ് പരീക്ഷയ്ക്കു ശേഷമുള്ള അവധിക്കാലത്താണു കാല്‍നടയായി മലയാറ്റൂരിലേക്ക് യാത്ര ആരംഭിച്ചത്.
1985ല്‍ തുടങ്ങിയ യാത്ര മുടങ്ങിയത് കോവിഡ് കാലത്ത് മാത്രമാണ്. മുമ്പ് പുതു ഞായറാഴ്ചയായിരുന്നു മലയാറ്റൂര്‍ യാത്ര. 1996ല്‍ പേരാമ്പ്രയില്‍ സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പു ചൂടിലായി. ഇതോടെ യാത്ര പെസഹാ ദിവസത്തേക്ക് മാറ്റി. ചക്കാമ്പുഴയിലെ തറവാട്ട് വീട്ടില്‍നിന്നു പെസഹ അപ്പം മുറിച്ചതിനു ശേഷമാണ് യാത്ര തിരിക്കുന്നത്. അമ്മ ലീലാമ്മ കൊന്ത നല്കി അനുഗ്രഹിക്കും.
വിശ്വാസ തീക്ഷ്ണതയും മല കയറുമ്പോള്‍ ലഭിക്കുന്ന ദൈവാനുഗ്രഹവുമാണ് തന്റെ ഊര്‍ജമെന്ന് റോഷി പറയുന്നു. ആറു വര്‍ഷം മുന്‍പ് പെസഹ വ്യാഴാഴ്ചയ്ക്കു മുന്‍പായി കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം നേരിട്ടെങ്കിലും ഒരു പോറല്‍ പോലും ഏല്‍ക്കാതിരുന്നത് ഇതിനു തെളിവാണെന്ന വിശ്വാസമാണ് റോഷിയെ നയിക്കുന്നത്.
Tags : Roshi Augustine nattuvishesham local news