ഇടുക്കി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിൻ കഞ്ഞിക്കുഴി പഞ്ചായത്തിലെ പര്യടനത്തിൽ പ്രദേശവാസികളോട് വോട്ടഭ്യർഥിക്കുന്നു.
ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിൻ ഇന്നലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. രാവിലെ വെണ്മണി പള്ളിയിൽനിന്നു പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ചു. വിശുദ്ധ കുർബാനക്കെത്തിയവരോടു കുശലം പറഞ്ഞും വോട്ട് അഭ്യർഥിച്ചുമായിരുന്നു പര്യടനത്തിന് തുടക്കം. തുടന്ന് കഞ്ഞിക്കുഴി പള്ളിയിലെത്തിയ സ്ഥാനാർഥി വൈദികരെയും വിശ്വാസികളെയും നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു.
കഞ്ഞിക്കുഴി പഞ്ചായത്തിലെ വിവിധ മഠങ്ങളും സന്ദർശിച്ചശേഷം ഭവന സന്ദർശനമാരംഭിച്ചു. പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചാണ് റോഷി വോട്ട് അഭ്യർത്ഥിച്ചത്.
കഴിഞ്ഞ 25 വർഷം തന്നോട് ചേർന്നുനിന്ന വ്യക്തിബന്ധം പുതുക്കുന്നതായിരുന്നു റോഷിയുടെ സംഭാഷണങ്ങൾ. റോഡുകളും പാലങ്ങളും ഉൾപ്പെടെ നാടിന്റെ മുഖച്ഛായ മാറ്റിയ ഒട്ടേറെ പ്രവർത്തനങ്ങൾ സന്ദർശനത്തിൽ ചർച്ചാ വിഷയമായി. ഭൂപ്രശ്നങ്ങൾ ഏറെ നിറഞ്ഞുനിന്ന കഞ്ഞിക്കുഴി പഞ്ചായത്തിൽ പുതിയ പട്ടയങ്ങൾ നൽകാൻ കഴിയുന്നതും നിർമാണ നിരോധനം മാറ്റിയതിലൂടെ ഭൂമിയുടെ ഉപയോഗത്തിൽ ഉണ്ടാകുന്ന മാറ്റത്തിന് വേണ്ടി പ്രവർത്തിച്ച റോഷിയെ പ്രദേശവാസികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 122 കോടി രൂപയുടെ വികസനം കഞ്ഞിക്കുഴി പഞ്ചായത്തില്‍ എത്തിച്ചത് റോഷി വോട്ടർമാരോടു വിശദീകരിച്ചു.