പ്രതീകാത്മക ചിത്രം
ചേർത്തല: താലൂക്ക് എൻഎസ്എസ് യൂണിയന് അഞ്ചര ക്കോടിയുടെ ബജറ്റ്. 5,39,18,800 രൂപ വരവും 5,39,09,575 രൂപ ചെലവും 9,225 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിനാണ് 90-ാം വാർഷിക പൊതുയോഗം അനുമതി നൽകിയത്. ഭവനനിർമാണം, ചികിത്സ, വിവാഹ ധനസഹായം, സാന്ത്വന പദ്ധതി, വാർധക്യകാല പെൻഷൻ, ഭവനങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയ്ക്കായി 34,68,000 രൂപ ചെലവഴിക്കും.
നവതി ആഘോഷങ്ങൾക്കായി 20 ലക്ഷം രൂപയും പത്മ കഫേയുടെ വികസനത്തിനായി 13 ലക്ഷം രൂപയും വിദ്യാഭ്യാസ പ്രോത്സാഹനത്തിനും എന്‍ഡോവ്മെന്റ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ പദ്ധതികൾക്കായും യൂണിയൻ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കായും ആറുലക്ഷം രൂപ വീതവും നീക്കി വച്ചിട്ടുണ്ട്. നേതൃത്വ പരിശീലനം, മെഡിക്കൽ ക്യാമ്പ്, ലഹരി വിരുദ്ധ അവബോധ പരിപാടി എന്നിവയ്ക്ക് 3,50,000 രൂപയും സാമൂഹ്യക്ഷേമ പദ്ധതികൾക്ക് രണ്ടുലക്ഷം രൂപയും മന്നം കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾക്ക് ഒരുലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ദേശീയപാത വികസനത്തിനായി തയാറാക്കിയ ശാസ്ത്രീയമല്ലാത്ത രൂപരേഖയിൽ മാറ്റം വരുത്തണമെന്നും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് അധികാരികൾക്കു നൽകാനുള്ള പ്രമേയം യോഗം പാസാക്കി. ദേശീയപാതയിൽ റെയിൽവേ സ്റ്റേഷനു മുന്നിൽ ഉയരപ്പാതയും പോലീസ് സ്റ്റേഷനു മുന്നിൽ റാമ്പും നിർമിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
യൂണിയൻ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പ്രഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Tags : Budget NattuVishasham DistrictNews