പ്രതീകാത്മക ചിത്രം
കാസര്ഗോഡ്: മിനിമം ബാലന്സ് നിലനിര്ത്താത്തതിന്റെ പേരില് അക്കൗണ്ടില് നിന്ന് 590 രൂപ ഈടാക്കിയതിന് 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും നല്കാന് സൗത്ത് ഇന്ത്യന് ബാങ്കിനോട് ജില്ലാ ഉപഭോക്തൃ തര്ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു. കുമ്പളയിലെ ഹാര്ഡ്വേര് ഷോപ്പ് ഉടമ രാജു സ്റ്റീഫന് ഡിസൂസയ്ക്ക് (50) നഷ്ടപരിഹാരം നല്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. 2022 നവംബര് 22നു രാജു എസ്ഐബി സീതാംഗോളി ശാഖയില് 5000 രൂപയുടെ മിനിമം ബാലന്സ് നിലനിര്ത്തിക്കൊണ്ട് അദ്ദേഹം ഒരു കറന്റ് അക്കൗണ്ട് ആരംഭിച്ചു. ഈ അക്കൗണ്ടില് ഇടപാടും രാജു നടത്തിയിരുന്നില്ല. എന്നാല് എസ്എംഎസ് ചാര്ജ് ഇനത്തില് ബാങ്ക് രണ്ടുരൂപ ഈടാക്കി. ഇതോടെ അക്കൗണ്ട് ബാലന്സ് 4998 രൂപയായി കുറയുകയും അതു മിനിമം ബാലന്സിനേക്കാള് രണ്ടുരൂപ കുറവായി മാറുകയും ചെയ്തു.
തുടര്ന്ന് മിനിമം ബാലന്സ് നിലനിര്ത്താത്തതിന്റെ പേരില് 2023 ജനുവരി ഒന്നിന് 295 രൂപയും ഫെബ്രുവരി ഒന്നിന് വീണ്ടും 295 രൂപയും ബാങ്ക് അക്കൗണ്ടില് നിന്ന് ഈടാക്കി. പ്രതിമാസം പണം ഈടാക്കുന്ന വിവരം ഫെബ്രുവരിയിലാണ് രാജു അറിയുന്നത്. തുടര്ന്ന് അദ്ദേഹം ബാങ്കിനെ സമീപിച്ചു. ഈടാക്കിയ തുക ഓട്ടോമാറ്റിക് സംവിധാനം വഴിയാണെന്നും അതില് തനിക്ക് ഇടപെടാന് കഴിയില്ലെന്നും മാനേജര് പറഞ്ഞു. ഇങ്ങനെ പണം പിടിച്ചെടുക്കുന്നത് നടപടി നിയമവിരുദ്ധവും സേവനത്തിലെ വീഴ്ചയുമാണെന്ന് ചൂണ്ടിക്കാട്ടി 2023 ഫെബ്രുവരി 23നു രാജു ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു.
അക്കൗണ്ടില് 5000 രൂപയുടെ മിനിമം ബാലന്സ് നിലനിര്ത്തേണ്ടതുണ്ടെന്ന കാര്യം ബാങ്ക് തന്നെ അറിയിച്ചിരുന്നില്ലെന്നും പിഴ ചുമത്തുന്നതിന് മുന്പ് കുറവുള്ള രണ്ടുരൂപ നിക്ഷേപിക്കാന് അവസരം നല്കിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്കിന്റെ സേവന നിരക്കുകളുടെയും ബാങ്കിംഗ് രീതികളുടെയും ഷെഡ്യൂള് അനുസരിച്ചാണ് കിഴിവുകള് ഓട്ടോമേറ്റഡ് ആയി നടത്തിയതെന്നും ബാങ്ക് വാദിച്ചു. കറന്റ് അക്കൗണ്ട് ഒരു വാണിജ്യ അക്കൗണ്ടാണെന്നും ഉപഭോക്താവ് അക്കൗണ്ടിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്നും ബാങ്ക് വാദിച്ചു. എന്നിരുന്നാലും മിനിമം ബാലന്സ് പിഴയ്ക്ക് രാജു സമ്മതം നല്കിയിട്ടുണ്ടെന്നോ ആവശ്യകത അദ്ദേഹത്തെ ശരിയായി വെളിപ്പെടുത്തിയിട്ടുണ്ടെന്നോ സ്ഥാപിക്കുന്നതില് ബാങ്ക് പരാജയപ്പട്ടുവെന്ന് കമ്മീഷന് വിലയിരുത്തി. ചാര്ജുകള് ഈടാക്കുന്നതിന് മുന്പ് അക്കൗണ്ട് ബാലന്സിലെ കുറവിനെക്കുറിച്ച് അറിയിച്ചുള്ള മുന്കൂര് നോട്ടീസ് നല്കാനോ ബാലന്സ് പുനഃസ്ഥാപിക്കാന് അവസരം നല്കാനോ ബാങ്ക് തയാറായില്ലെന്നും കമ്മീഷന് പ്രസിഡന്റ് കെ. കൃഷ്ണന് ചൂണ്ടിക്കാട്ടി. ബാങ്ക് തന്നെ എസ്എംഎസ് ചാര്ജ് ഈടാക്കിയതിനെത്തുടര്ന്ന് അക്കൗണ്ട് ബാലന്സ് നിശ്ചിതപരിധിയിലും താഴെയാവുകയും തുടര്ന്ന് ആ കുറവ് പരിഹരിക്കാന് ഉപഭോക്താവിന് അവസരം നല്കാതെ പിഴ ചുമത്തുകയുമാണ് ചെയ്തതെന്ന് കമ്മീഷന് നിരീക്ഷിച്ചു. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളില് 15,590 രൂപ നല്കാന് ബാങ്കിനോട് ഉപഭോക്തൃ കമ്മീഷന് നിര്ദേശിച്ചു.
Tags : Local News Nattuvishesham Rs 590 fine minimum balance