തുറവൂർ: യാത്രക്കാർക്ക് മതിയായ ഇരിപ്പിട സൗകര്യമില്ലാതെ സർവീസ് നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് കുമ്പളങ്ങി ജനതക്കടത്ത് ജങ്കാർ സർവീസിന് തുറമുഖ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്റ്റോപ്പ് മെമ്മോ നൽകി.
കൊടുങ്ങല്ലൂരിൽനിന്നെത്തിയ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയെത്തുടർന്നാണ് നടപടി. ജങ്കാറിൽ യാത്രക്കാരെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിറുത്തിക്കൊണ്ടുപോകുന്നതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് സർവീസ് താത്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകി.
ആവശ്യമായ ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി വീണ്ടും പരിശോധന നടത്തി അനുമതി ലഭിക്കുന്നതുവരെ സർവീസ് നടത്തരുതെന്നാണ് സ്റ്റോപ്പ് മെമ്മോയിലെ നിർദേശം.
സ്ക്വാഡിന്റെ നിർദേശപ്രകാരം ജങ്കാറിൽ അധിക ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരുമെന്ന് കരാറുകാരൻ അറിയിച്ചു. ജോലികൾ പൂർത്തിയാക്കി വീണ്ടും പരിശോധന നടത്തി അനുമതി ലഭിക്കാൻ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇതോടെ കുമ്പളങ്ങി-അരൂർ മേഖലയിൽ ദിവസേന ജനതക്കടത്ത് സർവീസിനെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ബദൽ യാത്രാമാർഗങ്ങൾ തേടേണ്ടിവരും.
ഇതിനിടെ, കഴിഞ്ഞ ദിവസം ചേർന്ന അരൂർ പഞ്ചായത്ത് കമ്മിറ്റി ജനതക്കടത്ത് സർവീസിന്റെ യാത്രാനിരക്ക് വർധിപ്പിച്ചു. യാത്രക്കാരുടെ നിരക്ക് അഞ്ചു രൂപയിൽനിന്ന് 10 രൂപയായും ഇരുചക്രവാഹനങ്ങളുടെ നിരക്ക് 10 രൂപയിൽനിന്ന് 20 രൂപയായും ഉയർത്തി. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 50 രൂപയാണ് പുതിയ നിരക്ക് നിശ്ചയിച്ചത്.
സർവീസ് പുനരാരംഭിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags : Nattuvishesham District News