ഹരിപ്പാട്: ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സാവരിയയുടെ പിതാവ് ബസന്തുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിച്ചു.
കേസ് അന്വേഷണത്തിന്റെ നിലവിലെ അവസ്ഥയും കുടുംബത്തിന് ലഭ്യമാക്കേണ്ട നിയമസഹായങ്ങളും ഉദ്യോഗസ്ഥർ ചർച്ച ചെയ്തു.
ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ സാവരിയയുടെ റീ-പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന് ഇന്നലെ ലഭിച്ചു. ശരീരത്തിലെ മാരകമായ പരിക്കുകൾ ക്രൂരമായ മർദനം മൂലമുണ്ടായതാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, വിദേശത്ത് നടന്ന ആദ്യ പോസ്റ്റ്മോർട്ടത്തിന്റെ ഔദ്യോഗിക ഫലം ഇതുവരെ ലഭ്യമായിട്ടില്ല. ഈ റിപ്പോർട്ടുകൂടി ലഭിച്ചാലേ റീ-പോസ്റ്റ്മോർട്ടത്തിന്റെ അന്തിമ വിശകലനം പൂർത്തിയാക്കാൻ ഡോക്ടർമാർക്ക് സാധിക്കൂ എന്ന് പിതാവ് ബസന്ത് പറഞ്ഞു.
ഉസ്ബെക്കിസ്താനിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ സാവരിയയെ സഹപാഠിയായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. പ്രതി നിലവിൽ ഉസ്ബെക്കിസ്താനിൽ ജുഡീഷൽ കസ്റ്റഡിയിലാണ്.
വിദേശത്ത് നടന്ന കൊലപാതകമായതിനാൽ അവിടുത്തെ ഔദ്യോഗിക റിപ്പോർട്ടുകൾ ലഭ്യമാകാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും. ഉസ്ബെക്കിസ്താൻ പ്രാദേശിക പോലീസ് നടത്തുന്ന അന്വേഷണത്തിന്റെ പൂർണമായ റിപ്പോർട്ട് തയാറാകാൻ കുറഞ്ഞത് മൂന്ന് മാസമെങ്കിലും സമയമെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷമേ കേസ് അവിടുത്തെ കോടതിയുടെ പരിഗണനയ്ക്ക് വരൂ.
കേസിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകാൻ കുടുംബം അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് കുടുംബം ഡൽഹിക്ക് തിരിക്കും.24നാണ് സാവരിയയുടെ മരണാനന്തര ചടങ്ങുകൾ. ഇതിന് ശേഷമേ തുടർനടപടികളിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് പിതാവ് വ്യക്തമാക്കി.