ചെങ്ങന്നൂർ: വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ ജോലികൾക്കായി എടുത്ത കുഴിയിലേക്ക് വിദ്യാർഥികളുമായി പോയ സ്വകാര്യ സ്കൂൾ ബസ് താണു. മുളക്കുഴ ഹൈസ്കൂൾ റോഡിൽ ഇന്നലെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത വീടിന്റെ മതിലിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഉത്രാടം സുരേഷ്കുമാറിന്റെ വീടിന്റെ മതിലിലേക്കാണ് ബസ് ചരിഞ്ഞുവീണത്. അപകടത്തെ ത്തുടർന്ന് വാഹനത്തിലുണ്ടായിരുന്ന പിഞ്ചുകുട്ടികൾ ഭയന്നു നിലവിളിച്ചത് പ്രദേശത്ത് ആശങ്ക പരത്തി.
അപകടം കണ്ട ഓടിക്കൂടിയ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ഉടൻ തന്നെ കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ച് സമീപത്തെ വീട്ടിലേക്കു മാറ്റി. പിന്നീട് കുട്ടികളെ സുരക്ഷിതമായി വീടുകളിലെത്തിച്ചു.