കോട്ടയം: ലോകസഞ്ചാരിയെ മെഴുകില്‍ തീര്‍ത്ത് ശില്പി ഹരികുമാര്‍ കുമ്പനാട്. മാധ്യമപ്രവര്‍ത്തകനും സഞ്ചാരിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ മെഴുകുപ്രതിമയാണ് ആലുവ-മൂന്നാര്‍ ഹൈവേയിലെ അടിമാലി പത്താംമൈല്‍ ഹരീസ് വാക്സ് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്. 2017ല്‍ ശില്പനിര്മാണം ആരംഭിച്ച ഹരികുമാര്‍ ഇതിനോടകം 26 ശില്പങ്ങള് മെഴുകില്‍ തീര്‍ത്തു.
തമിഴ്നാട് മുഖ്യമന്ത്രി വിജയ്, ഹിന്ദി ചലച്ചിത്രതാരം ഷാരൂഖ് ഖാന്, സല്മാന് ഖാന്, ഗിന്നസ് പക്രു, മമ്മൂട്ടി, അല്ലു അര്ജുന്, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎഇ ഭരണാധികാരി മക്തും, കെ.ജെ. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, വിരാഡ് കോഹ്ലി, ലയണല്‍ മെസി തുടങ്ങി കായിക, കല, രാഷ്ട്രീയ, സാംസ്കാരികരംഗത്തെ പ്രമുഖരെ ഹരികുമാര്‍ ഇതിനോടകം മെഴുകില്‍ തീർത്തുകഴിഞ്ഞു.
ലോകത്തെ മലയാളികളുടെ മുന്നിലെത്തിച്ച മഹാനായ സഞ്ചാരിയോടുള്ള ആദരവായാണ് പ്രതിമ തീര്‍ത്തതെന്ന് ശില്പി ഹരികുമാര്‍ പറഞ്ഞു. തന്റെ അനുമതിയില്ലാതെയാണ് പ്രതിമ നിര്‍മാണം ആരംഭിച്ചതെങ്കിലും കലയെയും കലാകാരനെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇതെല്ലാം ഉള്‍ക്കൊള്ളുന്നതായി കോട്ടയം പ്രസ് ക്ലബില്‍ പ്രതിമ അനാച്ഛാദനം നിര്‍വഹിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.
Tags : traveler in wax Nattuvishesham district news