കാഞ്ഞിരപ്പള്ളി: താലൂക്കില്‍ സെന്‍സസിന്റെ ആദ്യ ഘട്ടമായി സെല്‍ഫ് എന്യൂമറേഷന് തുടക്കമായി.https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ കുടുംബങ്ങള്‍ സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സെല്‍ഫ് എന്യുമറേഷന് 30 വരെ സൗകര്യമുണ്ടാകും. വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് സെല്‍ഫ് എന്യൂമറേഷനിലൂടെ നല്കാന് കഴിയുക. 34 ചോദ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിലും 15 ഇന്ത്യന്‍ ഭാഷകളിലും വിവരങ്ങള്‍ രേഖപ്പെടുത്താനാകും.
സെല്‍ഫ് എന്യുമറേഷന് പൂര്ത്തിയായിക്കഴിയുമ്പോള് ഇമെയിലില്‍ കണ്ഫര്മേഷന് സന്ദേശം ലഭിക്കും. ഇതോടൊപ്പം 11 അക്ക സെല്‍ഫ് എന്യുമറേഷന് ഐഡിയും (എസ്ഇ ഐഡി) ഉണ്ടാകും. സെല്‍ഫ് എന്യുമറേഷന് നിര്‍ബന്ധമായും ചെയ്യേണ്ടതല്ല. സെല്‍ഫ് എന്യുമറേഷന് ചെയ്ത വീടുകളിലും എന്യുമറേറ്റര്മാര് സന്ദര്‍ശനം നടത്തും. ഇമെയിലില്‍ ലഭിച്ച എസ്ഇ ഐഡി അവര്‍ക്ക് കൈമാറണം. കുടുംബം നല്കിയ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കി ആവശ്യമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തശേഷം എന്യുമറേറ്റര് ഡാറ്റ അപ്ലോഡ് ചെയ്യും.
ഇന്ത്യയൊട്ടാകെ നടത്തുന്ന സെന്‍സസിന്റെ ഭാഗമായിട്ടാണ് ആളുകളുടെ വിവരങ്ങള്‍, ആസ്തി വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. 2011ന് ശേഷം നടത്തുന്ന സെന്‍സസ് കൂടിയാണിത്. പരിപാടിയുടെ ഭാഗമായി താലൂക്കിലെ എല്ലാ ജീവനക്കാരും സെല്‍ഫ് എന്യൂമറേഷന് പൂര്‍ത്തിയാക്കി.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്കൂളില്‍ സെല്‍ഫ് എന്യൂമറേഷന് ക്വിസ് മത്സരവും വിദ്യാര്‍ഥികളുടെ ഫ്ലാഷ്മൊബും നടത്തി. അസിസ്റ്റന്റ് ജില്ലാ സെന്‍സസ് ഓഫീസര്‍ ഹണി ജെ. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ അനീഷ് ഈപ്പന് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി തഹസില്‍ദാര്‍ സെന്‍സസ് ജെ. സിജു, എല്‍ആര്‍ തഹസില്‍ദാര്‍ ജെ. താജുദീന്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിനോയ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.