കോഴിക്കോട്: സ്കൂള് പരിസരത്ത് നിരോധിത പുകയില ഉത്പന്നം വില്ക്കാന് ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. കല്ലായി സ്വദേശി കൂട്ടിങ്ങല്പറമ്പ് വീട്ടില് നൗഫല് എന്ന അറബി (47)യെയാണ് ഫറോക്ക് പോലീസ് പിടികൂടിയത്. ഇയാള് നിലവില് ഫറോക്ക് നല്ലൂര് അത്തംവളവിലാണ് താമസം.
ഇന്നലെ രാവിലെ ഫറോക്ക് പോലീസ് പട്രോളിംഗ് നടത്തുന്നതിനിടയില് ഫറോക്ക് ഹയര് സെക്കന്ഡറി സ്കൂളിന് സമീപത്തുള്ള ബസ് സ്റ്റാന്ഡ് പരിസരത്ത് വച്ചാണ് ഇയാളെ പിടികൂടിയത്.
പോലീസിനെ കണ്ട് ഓടിപ്പോകാന് ശ്രമിച്ച പ്രതിയെ തടഞ്ഞുവച്ച് പരിശോധിച്ചതില് ഇയാളുടെ കൈയില് ഉണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചിയില് നിന്ന് 95 ഹാന്സ് പാക്കറ്റുകളും ഹാന്സ് വിറ്റ് കിട്ടിയ 300 രൂപയും പോലീസ് കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തതില് നിന്നും ഫറോക്ക് ബസ് സ്റ്റാന്ഡ് പരിസരത്തുള്ള സ്കൂള്, കോളജ് വിദ്യാര്ഥികള്ക്കും ഇതരസംസ്ഥാന തൊഴിലാളികള്ക്കും വില്പന നടത്തുന്നതിനായാണ് ഹാന്സ് കൊണ്ടുവന്നതെന്ന വിവരം ലഭിച്ചു.
ഇതിനുമുമ്പും നിരോധിത പുകയില ഉത്പന്നങ്ങള് വില്പനയ്ക്ക് സൂക്ഷിച്ചതിന് ഫറോക്ക് പോലീസ് സ്റ്റേഷനില് പ്രതിയുടെ പേരില് കേസുണ്ട്. ഫറോക്ക് പോലീസ് സ്റ്റേഷന് സബ് ഇന്സ്പെക്ടര്മാരായ മിഥുന്, റിനീഷ്, എസ്സിപിഒ സുമേഷ് എന്നിവര് ചേര്ന്നാണ് പ്രതിയെ കസ്റ്റഡിയില് എടുത്തത്