കോഴിക്കോട്: ജീവിതത്തിന്റെ ഒരു നല്ല പങ്ക് പൊതുസേവനത്തിനായി സമര്‍പ്പിച്ച് വിരമിച്ച ഒരു മുതിര്‍ന്ന പൗരനെ തന്റേതല്ലാത്ത ഭരണപരമായ പിഴവിന്റെ പരിഹാരത്തിനായി വര്‍ഷങ്ങളോളം ഓഫീസുകള്‍ കയറിയിറങ്ങാനും നിരന്തരം അപേക്ഷകള്‍ സമര്‍പ്പിക്കാനും നിര്‍ബന്ധിതനാക്കിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഉത്തരവാദിത്വമില്ലായ്മയുമാണെന്ന് മനുഷ്യാവകാശ കമ്മീഷന്.
ലളിതമായി വകുപ്പുതലത്തില്‍ പരിഹരിക്കാവുന്ന ഒരു വിഷയത്തില്‍ അനാവശ്യ കാലതാമസം വരുത്തി പരാതിക്കാരനെ മാനസിക ബുദ്ധിമുട്ടുകള്‍ക്കും സാമ്പത്തിക നഷ്ടത്തിനും വിധേയനാക്കിയത് നീതിയുക്തമായ ഭരണനടപടികള്‍ക്ക് നിരയ്ക്കുന്നതല്ലെന്ന് കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് വിലയിരുത്തി. കോഴിക്കാട് സിറ്റിയില്‍ നിന്നും 2010ല്‍ എസ്ഐ ആയി വിരമിച്ച എ. രാമചന്ദ്രന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ബാങ്ക് മുഖേന പെന്ഷന് വാങ്ങിയിരുന്ന കാലത്ത് കൃത്യമായി മെഡിസെപ് വിഹിതം അടച്ചതാണെന്നും എന്നാല്‍ 2023 ജനുവരി മുതല്‍ ട്രഷറി വഴി പെന്ഷന് വാങ്ങാന്‍ തുടങ്ങിയപ്പോള്‍ മുമ്പ് അടച്ച പ്രീമിയമായ 3000 രൂപ വീണ്ടും ഈടാക്കിയെന്നാണ് പരാതി.
മെഡിസെപ് പ്രീമിയം തെറ്റായി ഈടാക്കിയതാണെന്ന് കോഴിക്കോട് സബ്ട്രഷറി ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. തെറ്റായി ഈടാക്കിയ പ്രീമിയം തിരികെ നല്കാന് ധനകാര്യ വകുപ്പിലെ മെഡിസെപ് സെല്ലിന് കത്ത് നല്കിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നാല്‍ മൂന്നുവര്‍ഷമായി തുക തിരികെ ലഭിക്കാന്‍ താന്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരന് കമ്മീഷനെ അറിയിച്ചു.
ബാങ്ക് വഴി ലഭിച്ചുകൊണ്ടിരുന്ന പെന്ഷന് ട്രഷറി അക്കൗണ്ട് വഴി ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ ബന്ധപ്പെട്ട രേഖകള്‍ യഥാവിധി പരിശോധിക്കാത്തതു കാരണമാണ് ആറുമാസത്തെ മെഡിസെപ് പ്രീമിയം രണ്ടു തവണ ഈടാക്കിയതെന്ന് കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. തുക എത്രയും വേഗം തിരിച്ചു നല്കാന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന് മെഡിസെപ് സ്റ്റേറ്റ് നോഡല്‍ സെല്‍ അഡീഷണല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്കി. ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനുള്ളില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
Tags : Local News Nattuvishesham Kozhikode