തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡ് മണവേലി പുത്തൻതറയിൽ പുരുഷന്റെ വീട്ടിലെ വെള്ള
ചേർത്തല: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തോരാമഴയിൽ താലൂക്കിലെ നിരവധി വീടുകളിൽ വെള്ളം കയറി. ഓണക്കാലം ലക്ഷ്യമിട്ട് തുടങ്ങിവച്ച മുഴുവൻ കൃഷികളും വെള്ളം കയറി നശിച്ചു. വെള്ളം കയറിയ വീടുകളിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കനത്തമഴയെത്തുടര്‍ന്ന് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അറവുകാട് സ്കൂൾ, വയലാർ, പട്ടണക്കാട്, തണ്ണീർമുക്കം, അംബേദ്കർ കോളനി, ചങ്ങരം, നാലുകുളങ്ങര, മനക്കോടം എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.
വയലാർ നോർത്ത് ഗവ. എൽപി സ്കൂളിൽ ആറ് കുടുംബങ്ങളിൽനിന്നായി 17 പേർ ക്യാമ്പിലെത്തി. വെള്ളിയാഴ്ച ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്താൻ പി. പ്രസാദ് എംഎല്‍എ സന്ദര്‍ശിച്ചു. ക്യാമ്പുകളിലെ സൗകര്യങ്ങൾ പരിശോധിച്ചശേഷം ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകി.
ചേർത്തല നഗരസഭ 28-ാം വാർഡിലെ പുരുഷൻകവലയ്ക്ക് തെക്ക് ഭാഗത്തുള്ള ഇരുപതോളം കുടുംബങ്ങൾ വർഷങ്ങളായി രൂക്ഷമായ വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്നതായി പരാതിയുണ്ട്.
ചെറിയ മഴ പെയ്താൽ പോലും വീടുകളിലും പരിസരങ്ങളിലും വെള്ളം കയറുന്നതിനാൽ ദൈനംദിന ജീവിതം ദുഃസഹമാണെന്ന് പ്രദേശവാസികൾ പറയുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 28-ാം വാർഡ് കൗൺസിലർ അഖിൽ ആഞ്ഞിലിപ്പാലം കേന്ദ്ര റെയിൽവേ മന്ത്രിക്കും ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർക്കും നിവേദനം സമർപ്പിച്ചു. വിഷയത്തിൽ എംഎൽഎ, എംപി, നഗരസഭാ അധികൃതർ എന്നിവരുടെ സംയുക്ത ഇടപെടലും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അടിയന്തര ശ്രദ്ധയും ലഭിച്ചാൽ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും കൗണ്‍സിലര്‍ അഖിൽ പറഞ്ഞു.
തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡിലെ കാക്കനാട് ഷൺമുഖവിലാസം ക്ഷേത്ര പരിസരത്തെ നിരവധി വീടുകളിൽ വെള്ളം കയറി. ഇടവഴികളിലും റോഡുകളിലും വെള്ളം നിറഞ്ഞതിനാൽ സ്കൂളിൽ പോകുന്ന വിദ്യാർഥികൾ സ്കൂൾ ബസ് വരുന്ന പ്രധാന റോഡിലെത്താൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. മണവേലി-കാക്കനാട് ക്ഷേത്ര റോഡ് ഏഴ് മാസമായി ടാർ ചെയ്യാതെ മെറ്റൽ വിരിച്ച നിലയിൽ കിടക്കുന്നതിന് പിന്നാലെ ഉണ്ടായ വെള്ളക്കെട്ട് കാൽനട യാത്രക്കാർക്ക് കൂടുതൽ ദുഷ്കരമാക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
കരപ്പുറത്തിന്റെ കാർഷിക മേഖലയായ കഞ്ഞിക്കുഴിയിൽ ഓണത്തിനായി കൃഷി ചെയ്ത പൂക്കൃഷി ഉൾപ്പെടെയുള്ള പച്ചക്കറി കൃഷികളും നശിച്ചു. നഷ്ടപ്പെട്ട കൃഷികൾക്ക് സർക്കാർ അടിയന്തര സഹായം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.