കൊച്ചി: സിനിമ ഒരു കഥപറച്ചിലിനപ്പുറം ഒരു ദൃശ്യാനുഭവമാണെന്ന് നമ്മെ പഠിപ്പിച്ച കലാകാരനായിരുന്നു ഷാജി എന്‍. കരുണ്‍ എന്ന് സംഗീതജ്ഞന് ശ്രീവല്സന് ജെ. മേനോന്. കൊച്ചിന് ഫിലിം സൊസൈറ്റിയും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് സംഘടിപ്പിച്ച ഷാജി എന്‍. കരുണ്‍ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അദ്ദേഹം സൃഷ്ടിച്ച ഓരോ ഫ്രെയിമും കവിതാപൂര്ണമായിരുന്നു. സിനിമയുടെ സന്ദര്‍ഭങ്ങളെ മാത്രം തന്ന്, കവിതകളെ ചിട്ടപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യം അദ്ദേഹം തന്നിരുന്നു. അദ്ദേഹത്തിന്റെ പല സിനിമകള്‍ക്കും പാട്ടുകള്‍ ചിട്ടപ്പെടുത്തിയപ്പോള്‍ അത് അനുഭവിച്ചിരുന്നുവെന്നും ശ്രീവല്സന് ജെ.മേനോന് പറഞ്ഞു.
ലളിതകലാ അക്കാദമി മുന്‍ സ്രെക്രട്ടറിയും ചിത്രകാരനുമായ എസ്.അജയകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഛായാഗ്രാഹകന്‍ എന്‍.അളഗപ്പന്, പി.ജെ. ചെറിയാന്, കൊച്ചിന് ഫിലിം സൊസൈറ്റി സെക്രട്ടറി വി.എ.ബാലചന്ദ്രന്, എം.രാമചന്ദ്രന്, ബിനു രാജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പിറവി, വാനപ്രസ്ഥം സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
Tags : nattu vishesham Shaji N. Karun Chavara