നെയ്യാറ്റിന്‍കര നഗരസഭയുടെ പൊതുശ്മശാനം 'ശാന്തി ഇട'ത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡബ്ല്യൂ.ആര്. ഹീബ നിര്‍വഹിക്കുന്നു.
നെയ്യാറ്റിൻകര: നഗരസഭയുടെ സ്വപ്ന പദ്ധതികളിലൊന്നായ പൊതുശ്മശാനം 'ശാന്തി ഇടം' പ്രവര്‍ത്തനം ആരംഭിച്ചു. പ്ലാവിള മലഞ്ചാണി മലയില്‍ നിര്‍മിച്ച 'ശാന്തി ഇട'ത്തിന്റെ പ്രവർത്തനോദ്ഘാടനം ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു അധ്യക്ഷനായി.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര്, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവർ സംബന്ധിച്ചു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അനുബന്ധ വികസന പ്രവർത്തനങ്ങൾ നിലവിലെ ഭരണസമിതി പൂർത്തിയാക്കി. ക്രിമറ്റോറിയം സ്ഥാപിച്ച കമ്പനിക്കാണ് ഒരു വർഷത്തേക്കുള്ള പ്രവർത്തനച്ചുമതല. മൂന്നു ജീവനക്കാരെയും നിയോഗിച്ചു.
ഒരേസമയം ആറു ബർണറുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഗ്യാസ് ചേമ്പറിൽ ഏകദേശം ഒന്നര മണിക്കൂറിനകം ഒരു മൃതദേഹത്തിന്റെ സംസ്കാരം പൂർത്തിയാക്കാനാകും. ദിവസവും രാവിലെ എട്ടു മുതൽ വൈകുന്നേരം ആറുവരെയാണ് പ്രവർത്തനസമയം. മൃതദേഹം സംസ്കരിക്കുന്നതിന് ബിപിഎൽ കുടുംബങ്ങൾക്ക് 3,000 രൂപയും എപിഎൽ കുടുംബങ്ങൾക്ക് 4,000 രൂപയുമാണ് സേവനനിരക്ക് നിശ്ചയിച്ചിട്ടുള്ളത്.