കഴിഞ്ഞദിവസം വണ്ടിത്താവളം-വിളയോടി റോഡിൽ കുടുങ്ങിയ മെറ്റൽകടത്തു വാഹനം.
വണ്ടിത്താവളം: അധികഭാരം കയറ്റിയ മൾട്ടി ആക്സിൽ വാഹനങ്ങൾ വിളയോടി റോഡിൽ ഓടിക്കാൻ പാടില്ലെന്ന തീരുമാനം ലംഘിക്കപ്പെടുന്നു. മെറ്റൽ കടത്തുന്ന വാഹനങ്ങളാണ് ഇങ്ങനെ സഞ്ചരിക്കുന്നത്. ഇത് ഗതാഗതകുരുക്കിനും റോഡ് തകർച്ചക്കും കാരണമാകുന്നുവെന്നാണ് പരാതി. ഇക്കഴിഞ്ഞദിവസം ടോറസ് വാഹനം വിളയോടി പാതയിൽ യന്ത്രത്തകരാറിൽ കുടുങ്ങി ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു .
ചിറ്റൂർ പുഴപ്പാലം നവീകരണ ജോലി നടക്കുന്നതിന്റെ ഭാഗമായി സുമേഷ് അച്ചുതൻ എംഎൽഎയുടെ നേതൃത്വത്തിൽ ആർടിഒ, പൊലിസ്, പൊതുമരാമത്ത്, ഫയർ ഫോഴ്സ്, ബസ് ഓപ്പറേറ്റേഴ്സ് ഉൾപ്പെടെ ജീവനക്കാരെ ഉൾപ്പെടുത്തി ആലോചനായോഗം നടത്തിയിരുന്നു. ഈയോഗത്തിലാണ് കോയമ്പത്തൂർ, പൊള്ളാച്ചി അന്തർ സംസ്ഥാന ബസുകൾ വണ്ടിത്താവളം വിളയോടിപാത വഴി സഞ്ചരിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് വിളയോടി റോഡിൽ അമിതഭാരം കയറ്റിയ ലോറികൾക്ക് സഞ്ചാരനിയന്ത്രണം ഏർപ്പെടുത്തിയത്.
എന്നാൽ ഈ തീരുമാനം മറികടന്നാണ് ഭാര വാഹനങ്ങൾ ഓടുന്നത്. മുന്പ് വിളയോടി വഴി മെറ്റൽ കടത്ത് ലോറികൾ ഓടിയതുമൂലം പാലം തകർന്ന് മൂന്നു മാസത്തോളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനപാതകൾക്ക് മാത്രമെ അധിക ഭാരം കയറ്റിയ വാഹന സഞ്ചാരത്തിന് മതിയായ സുരക്ഷയുള്ളു. പഞ്ചായത്ത് റോഡുകൾ യാത്രാവാഹനങ്ങൾക്ക് മാത്രം സഞ്ചരിക്കാനുള്ളതാണ്. ചിറ്റൂർ പുഴപ്പാല നവീകരണ ജോലികൾ പൂർത്തിയാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നതാണ് നിലവിലെ സാഹചര്യം.
Tags : District News Nattuvishesham Overloaded vehicles Vilayodi