മലയോര ഹൈവെ ചോക്കാട് അങ്ങാടിയിൽ ടാറിംഗ് നടത്തുന്നു.
കാളികാവ്: ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ മലയോര ഹൈവെയിലെ ചോക്കാട് അങ്ങാടി ഭാഗം റോഡ് ടാറിംഗ് ഒന്നാം ഘട്ടം പൂർത്തിയായി. മലയോര ഹൈവെയുടെ പ്രവൃത്തിയുടെ ഭാഗമായി പൂക്കോട്ടുംപാടം മുതൽ കാളികാവ് വരെയുള്ള റീച്ചിന്റെ ഭാഗമാണ് ചോക്കാട് അങ്ങാടി റോഡ്. മൂന്ന് വർഷത്തെ പ്രദേശവാസികളുടെ ദുരിതങ്ങൾക്ക് ഇതോടെ പരിഹാരമായി.
പൂക്കോട്ടുംപാടം - കാളികാവ് -റീച്ചിൽ മറ്റുള്ള ഭാഗങ്ങളിലൊക്കെ നിർമാണം പൂർത്തിയായെങ്കിലും ചോക്കാട് അങ്ങാടിയിൽ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് തർക്കം തീർന്നിരുന്നില്ല. തർക്കം ഇപ്പോഴും പൂർണമായി അവസാനിച്ചില്ലെങ്കിലും റോഡ് ടാറിംഗ് ഒന്നാം ഘട്ടം പൂർത്തീകരിച്ചു. തർക്കം കാരണം ഒരു കെട്ടിടം ഉടമയുടെ സ്ഥലത്തോട് ചേർന്ന കുറച്ച് ഭാഗത്ത് ഡ്രൈനേജ് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. സ്ഥലം ഉടമ കോടതിയെ സമീപിച്ചതാണ് കാരണം. തർക്കം നിൽക്കുന്ന ഈ ഭാഗം ഡ്രൈനേജ് നിർമിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്.
മഴപെയ്താൽ ചെളിയും വെളളക്കെട്ടും വെയിലായാൽ പൊടിയും കാരണം ചോക്കാട് അങ്ങാടിയിലുള്ള കച്ചവടക്കാരും നാട്ടുകാരും പൊറുതി മുട്ടിയിരുന്നു. റോഡിൽ വാഴക്കൃഷി നടത്തിയും മറ്റ് കൃഷികൾ ചെയ്തും ചൂണ്ടയിട്ടും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. എ ഐ തോണിയിറക്കി സാമൂഹിക മാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് ഉയർത്തിയിരുന്നത്.
ടാറിംഗ് നടത്തിയതിനാൽ കച്ചവടക്കാരും നാട്ടുകാരും ഏറെ സന്തോഷത്തിലായി. തർക്കം നിലനിൽക്കുന്ന സ്ഥലമുടമ വാക്കാൽ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നു. എന്നാൽ കോടതിയിലെ കേസ് പിൻവലിക്കാൻ തയാറായില്ല. ഇതോടെയാണ് ഈ സ്ഥലം ഡ്രൈനേജ് നിർമാണം ഒഴിവാക്കിയത്.
നിസാരമായ തർക്കങ്ങൾ കാരണമാണ് ഇവിടെ അഴുക്കുചാൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. ഇത് ഒരു നാടിനെ മൊത്തത്തിൽ ചീത്തപ്പേര് ആയി മാറിയിരിക്കുകയാണ്. പാലിയേറ്റീവ് ക്ലിനിക്ക് ഉൾപ്പടെ പ്രവർക്കുന്നത് ഈ ഭാഗത്താണ്. നാട്ടുകാർക്ക് നാണക്കേടായി മാറിയ ഈ തർക്കം ഉടൻ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Tags : District News Nattuvishesham Chokkad town tarring completed