പ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: മഴയെ ആശ്രയിച്ച് ഇറക്കുന്ന വിളയാണ് നെൽകൃഷി. എന്നാൽ ഇത്തവണ മഴയുടെ ലഭ്യത കുറഞ്ഞത് നെൽകർഷകരെ ഏറെ ആശങ്കിയിലാക്കിയിരിക്കുകയാണ്. ശക്തമായ വെയിൽ നെൽച്ചെടികളെ കാര്യമായി ബാധിച്ചുതുടങ്ങി.
ഇതിനിടയിൽ മഴ ലഭിച്ചെങ്കിലും അതൊന്നും ശക്തമായ വെയിൽ കാരണം വേണ്ടത്ര ഗുണംചെയ്തില്ല. അതിനാൽ നെൽച്ചെടികളെ സംരക്ഷിക്കാൻ കുഴൽകിണറിലെ വെള്ളത്തെയാണ് കർഷകർ ആശ്രയിക്കുന്നത്. ജില്ലയിൽ കൂടുതൽ നെൽകൃഷിചെയ്യുന്ന പഞ്ചായത്തുകളിലൊന്നാണ് നൂൽപ്പുഴ.
പാടശേഖരങ്ങൾക്ക് സമീപത്തുകൂടി പോകുന്ന തോടുകളിലും പുഴകളിലും നീരൊഴുക്ക് കുറഞ്ഞതോടെയാണ് കൃഷിയിടങ്ങളിലെ കുഴൽ കിണറുകളെ കർഷകർ ആശ്രിയിക്കുന്നത്. നൂൽപ്പുഴ കല്ലുമുക്ക് കരിടിമാട് പാടശേഖരത്തിലെ കർഷകരായ പൂതക്കുഴി ബേബി, സഹോദരൻ ജെയ്സണ് എന്നിവരാണ് കുഴൽ കിണറിൽ നിന്ന് വെള്ളംപന്പ് ചെയ്ത് നെൽകൃഷി സംരക്ഷിക്കുന്നത്. രണ്ട് പേരും കൂടി ചേർന്ന് 3.70 ഏക്കർ സ്ഥലത്താണ് നഞ്ചകൃഷി ചെയ്തിരിക്കുന്നത്. വയലിൽ വെള്ളമില്ലാത്തതിനാൽ കൃഷിയിറക്കിയ അന്നുമുതൽ കുഴൽ കിണറിൽ നിന്നുള്ള വെള്ളമാണ് ഇവർ ഉപയോഗിക്കുന്നത്.
സ്പ്രിംഗളറുകൾ വയലിൽ സ്ഥാപിച്ച് മൂന്ന് മണിക്കൂർ ഇടവിട്ടാണ് ഇത്തരത്തിൽ രാപകൽ വ്യത്യാസമില്ലാതെ വയലുകളിലേക്ക് വെള്ളമെത്തിക്കുന്നത്.
വരുംവർഷങ്ങളിലെ കാലാവസ്ഥ അനുകൂലമല്ലെങ്കിൽ നെൽകൃഷി ഇറക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിയില്ലെന്നാണ് ബേബി പറയുന്നത്.
Tags : District News Nattuvishesham No rain Farmers rely on borewell