അരിമ്പൂർ: ജില്ലയിൽ രണ്ടുപേർക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. അരിമ്പൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് കൈപ്പിള്ളിയിൽ താമസിക്കുന്ന ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി പറഞ്ഞു.
ഏതാനും ദിവസംമുമ്പാണ് ഇവർ അരിമ്പൂർ പിഎച്ച്സിയിൽ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയത്. ഇന്നലെ വൈകുന്നേരമാണ് പരിശോധനാഫലം പുറത്തുവന്നത്. തുടർന്ന് ഈ വീട്ടിലും പരിസരങ്ങളിലും ആരോഗ്യവകുപ്പ് അധികൃതർ ക്ലോറിനേഷൻ നടത്തി.
പകർച്ചവ്യാധികൾ പടരാൻ പ്രധാന കാരണം ശുചീകരണപ്രവർത്തനങ്ങളിൽ വരുന്ന വീഴ്ചകളാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഷിഗെല്ല റിപ്പോർട്ട് ചെയ്യപ്പെട്ട വാർഡിലും മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി ആരോപണമുണ്ട്.
ഇന്നു പതിനെട്ടാം വാർഡിലും നാളെ അരിമ്പൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും ആരോഗ്യ വകുപ്പ് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
Tags : Shigella Nattuvishesham District News