പ്രതീകാത്മക ചിത്രം
തൊടുപുഴ: ഇടവെട്ടി മൈലാടുംപാറയില്‍ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ മകനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൈലാടുംപാറ തറപ്പേല്‍ വീട്ടില്‍ റെയ്ച്ചല്‍ (63) ജോസഫാണ് ചൊവ്വാഴ്ച രാവിലെ 11ഓടെ കൊല്ലപ്പെട്ടത്. അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന് ഇവരുടെ ഏകമകനായ ലിജോ (38) പോലീസിനോടു സമ്മതിച്ചിരുന്നു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ആവശ്യമെങ്കില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്കു ശേഷം ഇവിടെനിന്നു പോയ ലിജോയെ സിസിടിവി കേന്ദ്രീകരിച്ച് തൊടുപുഴ പോലീസ് നടത്തിയ പരിശോധനയില്‍ തൊടുപുഴ മാര്‍ക്കറ്റ് പരിസരത്തുനിന്നാണ് പിടികൂടിയത്.
എറണാകുളത്ത് ഹോംനഴ്സായി ജോലി ചെയ്തുവരികയായിരുന്നു റെയ്ച്ചല്‍. ബന്ധുക്കളുടെ വീട്ടിലും ആലപ്പുഴയില്‍ ധ്യാനത്തിനും പോയശേഷം തിങ്കളാഴ്ചയാണ് ഇവര്‍ മൈലാടുംപാറയിലെ വീട്ടില്‍ എത്തിയത്. വീട്ടില്‍ തനിച്ചു കഴിയുന്ന ലിജോയ്ക്കു ഭക്ഷണം ഉണ്ടാക്കി നല്‍കാനുള്ള സാധനങ്ങളുമായാണ് റെയ്ച്ചല്‍ വീട്ടിലെത്തിയത്. വീട്ടിലേക്കു പോകുമ്പോള്‍തന്നെ സമീപത്തു താമസിക്കുന്നവര്‍ ലിജോ പ്രശ്നക്കാരനാണെന്നും അങ്ങോട്ടു പോകരുതെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.
എന്നാല്‍, മകനോടുള്ള സ്നേഹം മൂലം ഇതു വകവയ്ക്കാതെ വീട്ടിലേക്കു പോയ റെയ്ച്ചലിനോടു മദ്യം വാങ്ങാന്‍ ലിജോ പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അവിടെയുണ്ടായിരുന്ന മരക്കഷണം ഉപയോഗിച്ച് റെയ്ച്ചലിന്റെ തലയ്ക്കടിക്കുകയായിരുന്നുന്നെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു. റെയ്ച്ചലിനെ അന്വേഷിച്ചെത്തിയ സഹോദരിയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടത്.
ഇന്നലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സംസ്കാരം ഇന്ന് വെട്ടിമറ്റം സെന്റ് ജോണ്‍സ് സിഎസ്ഐ പള്ളിയില്‍ നടക്കും.