ചങ്ങനാശേരി: കണ്ണിനും മനസിനും നിറക്കൂട്ട് പകര്‍ന്ന് ചങ്ങനാശേരിക്കടുത്ത് പറാലിലും നീലംപേരൂര്‍ പഞ്ചായത്തിലെ വാലടിയിലും ആമ്പല്‍ക്കാഴ്ച. വാഴപ്പള്ളി പഞ്ചായത്തിലെ പറാല്‍ കടമ്പാടം ചേരിക്കലകം പാടശേഖരത്താണ് ആമ്പല്‍ക്കാഴ്ച ഒരുങ്ങിയത്.
പറാല്‍-കുമരങ്കരി റൂട്ടിലാണ് കടമ്പാടം ചേരിക്കലകം പാടശേഖരം. ഇതേ റൂട്ടില്‍ വാലടിയില്‍ എത്തി മുളയ്ക്കാംതുരുത്തി- തുരുത്തി റൂട്ടില്‍ സഞ്ചരിക്കുമ്പോഴാണ് റോഡിന്റെ ഇരുവശങ്ങളിലായുള്ള വാലടി പാടശേഖരം നിറയെ ആമ്പല്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത്.
355 ഏക്കറോളം വരുന്ന കടമ്പാടം പാടശേഖരത്തിലെ ആമ്പല്‍ക്കാഴ്ച ആസ്വദിക്കാന്‍ നിശ്ചിത നിരക്കില്‍ വള്ളം വാടകയ്ക്കെടുത്ത് സഞ്ചരിക്കാം. രാവിലെ ആറുമുതല്‍ ഒമ്പതുവരെയാണ് പൂക്കളുടെ ഭംഗി ആസ്വദിക്കാന്‍ കഴിയുക. വെയില് കനക്കുന്പോൾ പൂക്കള്‍ കൂമ്പും.
പറാല്‍ അറയ്ക്കല്‍ ദേവീ ക്ഷേത്രത്തിനു സമീപത്തുനിന്ന് ആറാട്ട് കടവിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിലൂടെ ഒരു കിലോമീറ്ററിലധികം സഞ്ചരിച്ചാല്‍ കടമ്പാടം ചേരിക്കലകം പാടശേഖരത്തില്‍ എത്താം. ചെറിയ റോഡായതിനാല്‍ ഇരുചക്രവാഹനത്തിലെത്തുന്നതാണ് നല്ലത്. കാറില്‍ വരുന്നവര്‍ക്ക് പാടശേഖരത്തിലേക്ക് എത്താന്‍ ആവശ്യമെങ്കില്‍ ക്ഷേത്രത്തിനു സമീപത്ത് നിന്ന് ഓട്ടോ ലഭിക്കും.
ചിത്രങ്ങള്‍ പകര്‍ത്താനും റീല്‍സ് എടുക്കാനും യുവാക്കളടക്കം നിവധിപ്പേരാണ് ആമ്പല്പ്പാടങ്ങളിലേക്ക് എത്തുന്നത്. മലരിക്കല്‍ മാതൃകയിൽ, ആമ്പല്ക്കാഴ്ചകളുള്ള പറാലിന്റെ ഗ്രാമീണ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ പദ്ധതി തയാറാക്കാൻ ശ്രമമുണ്ട്. ഇതിന്റെ ഭാഗമായി ആമ്പലോത്സവം വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വീണാ സി. ദിലീപ് ഉദ്ഘാടനം ചെയ്തു. രണ്ടാംകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ് മഴക്കാലമായതോടെയാണ് പാടശേഖരങ്ങളില്‍ ആമ്പല്‍ പൂത്തുലഞ്ഞത്.
Tags : Nattuvishesham Districte News