കുമരകം: ജലഗതാഗത വകുപ്പിന്റെ ബോട്ട് യാത്രയ്ക്കിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്കു വൈദ്യസഹായം എത്തിച്ചു ബോട്ട് ജീവനക്കാര്‍. ജലഗതാഗത വകുപ്പിന്റെ കോട്ടയം സ്റ്റേഷനിലെ ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണു യാത്രാ മധ്യേ കായലില്‍ വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
അബോധാവസ്ഥയിലായ യാത്രക്കാരിയെ ജീവനക്കാര്‍ ഉടനെതന്നെ സീറ്റില്‍ കിടത്തുകയും പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു. കോട്ടയം, ആലപ്പുഴ സ്റ്റേഷന് മാസ്റ്റര്‍മാരുടെ നിര്‍ദേശപ്രകാരം അടിയന്തര വൈദ്യ സഹായത്തിനായി ബോട്ടിന്റെ റൂട്ട് മാറ്റി കൈനകരിയിലെ എസ്എന്‍ഡിപി ജെട്ടിയില്‍ അടുപ്പിച്ചു.
ജീവനക്കാര്‍ സമീപത്തെ ക്ലിനിക്കില്‍ അറിയിക്കുകയും ഡോക്ടറും ജീവനക്കാരും ബോട്ടിലേക്ക് വന്ന് അടിയന്തര വൈദ്യസഹായം നല്‍കുകയും ചെയ്തു. യാത്രക്കാരിയുടെ ജീവന് രക്ഷിച്ച ജീവനക്കാരായ ബോട്ട് സ്രാങ്ക് കെ.എസ്. അനൂപ്, ബോട്ട്മാസ്റ്റര്‍ പ്രനീഷ് ദാസ്, ബോട്ട് ഡ്രൈവര്‍ കറുപ്പന്, ലാസ്കര്‍മാരായ ബിജു, അഭിനവ് എന്നിവരെ ആലപ്പുഴ ട്രാഫിക് സൂപ്രണ്ട് എം. സുജിത്, കോട്ടയം സ്റ്റേഷന് മാസ്റ്റര്‍ വി.എ. സലിം, ആലപ്പുഴ സ്റ്റേഷന് മാസ്റ്റര്‍ ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ അഭിനന്ദിച്ചു.
Tags : nattu vishesham Staff provide medical assistance