കാടുമൂടി കിടക്കുന്ന കാസർഗോഡ് ഗവ. കോളജിലെ സ്റ്റാഫ് ക്വാർട്ടേഴ്സ്.
കാസർഗോഡ്: ചുറ്റുപാടും പടർന്നുകയറിയ കാടിനും പടർപ്പുകൾക്കും ഇടയിൽ ഓടുമേഞ്ഞ ഏതാനും കെട്ടിടങ്ങൾ. അവിടെയെത്താനുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. കാലപ്പഴക്കം മൂലം ദ്രവിച്ചുതുടങ്ങിയ മേൽക്കൂരയ്ക്കു മുകളിൽ ചോർച്ച തടയാൻ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റുകൾ. കാടുമൂടിയ പരിസരങ്ങളിൽ കാട്ടുപന്നികളും പാമ്പുകളും പതിവുസാന്നിധ്യം. പറഞ്ഞുവരുന്നത് ഏതെങ്കിലും ഉപേക്ഷിക്കപ്പെട്ട എസ്റ്റേറ്റിനു നടുവിലുള്ള കെട്ടിടങ്ങളുടെ കാര്യമല്ല. ഇത് ജില്ലാ ആസ്ഥാനത്തെ ഗവ. കോളജിനോടു ചേർന്നുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ അവസ്ഥയാണ്.
ഈ കെട്ടിടങ്ങൾ ഇപ്പോഴും പൂർണമായി ഉപേക്ഷിക്കപ്പെട്ട നിലയിലല്ല. ആകെയുള്ള 22 ക്വാർട്ടേഴ്സുകളിൽ 12 എണ്ണത്തിൽ ഇപ്പോൾ താമസക്കാരുണ്ട്. കോളജിലെ അധ്യാപകരും അനധ്യാപകരും കുട്ടികളടങ്ങുന്ന കുടുംബത്തോടൊപ്പം ഇതിനകത്തു കഴിയുന്നുണ്ട്. പക്ഷേ മിക്കവരും അടിയന്തര സാഹചര്യങ്ങളിൽ ഇവിടെ താമസിക്കേണ്ടിവന്നാലും കഴിവതുംവേഗത്തിൽ പുറത്തുള്ള ഏതെങ്കിലും സ്വകാര്യ ക്വാർട്ടേഴ്സോ വീടോ വാടകയ്ക്കെടുത്ത് മാറുകയാണ് ചെയ്യുന്നത്.
കോളജിന്റെ തുടക്കകാലത്ത് നിർമിക്കപ്പെട്ടതാണ് ഈ സ്റ്റാഫ് ക്വാർട്ടേഴ്സുകൾ. അര നൂറ്റാണ്ടിലധികമുള്ള കാലപ്പഴക്കവും കൃത്യമായ സംരക്ഷണത്തിന്റെയും അറ്റകുറ്റപണികളുടെയും അഭാവവുമാണ് ഇവയെ ഈ സ്ഥിതിയിലാക്കിയത്. വിദ്യാനഗർ-സീതാംഗോളി റോഡിൽനിന്ന് ഈ ക്വാർട്ടേഴ്സുകളിലേക്ക് കയറുന്ന റോഡിന്റെ ഓരത്ത് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനുമായി നിർമിച്ച കോൺക്രീറ്റ് ക്വാർട്ടേഴ്സുകളുമുണ്ട്. രണ്ടും വർഷങ്ങളായി ആൾതാമസമില്ലാതെ ഉപയോഗശൂന്യമാണ്. ഇതിനേക്കാൾ കാടുമൂടിയ അവസ്ഥയിലുമാണ്. കാട്ടുപന്നികളും തെരുവുനായ്ക്കളും പാമ്പുകളുമെല്ലാം ഇവിടെ താവളമടിക്കുന്നു.
ഈ ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റി പകരം പുതിയ ഫ്ളാറ്റ് സമുച്ചയം നിർമിക്കാൻ 13 വർഷം മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പദ്ധതി തയ്യാറാക്കി മൂന്നരക്കോടി രൂപ അനുവദിച്ചിരുന്നു. പക്ഷേ തുടർനടപടികളില്ലാതെ ആ പദ്ധതി മരവിച്ചുപോയി. രണ്ടേക്കറിലധികം സ്ഥലമാണ് ഈ ക്വാർട്ടേഴ്സുകൾക്കു ചുറ്റുമായി കാടുപിടിച്ചു കിടക്കുന്നത്. ഫ്ളാറ്റ് നിർമിക്കുന്നതിനൊപ്പം അവശേഷിക്കുന്ന സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മറ്റു വികസന ആവശ്യങ്ങൾക്കു പ്രയോജനപ്പെടുത്തുകയോ സൗന്ദര്യവത്കരണത്തിലൂടെ കോളജിനും നാടിനുംമുതൽക്കൂട്ടാക്കി മാറ്റുകയോ ചെയ്യാവുന്നതാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.