ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധന.
കൊച്ചി: പഴയതും ഉപയോഗശൂന്യതയുമായ ആഹാര സാധനങ്ങള്‍ കണ്ടെത്തിയ നഗരത്തിലെ ഒരു ഹോട്ടല്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു.
ഹോട്ടലുകള്‍, തട്ടുകടകള്‍, വഴിയോര ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫുഡ് സേഫ്റ്റി, കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം, പോലീസ് എന്നിവരുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി.
എറണാകുളം കലൂര്‍, കടവന്ത്ര പ്രദേശങ്ങളിലെ എട്ട് കടകളിലാണ് ഇന്നലെ വൈകിട്ടോടെ പരിശോധന നടത്തിയത്. കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമല്ലാത്ത ആറ് ഭക്ഷണശാലകളിൽനിന്ന് കുടിവെളള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. വിവിധ പ്രശ്നങ്ങള്‍ കണ്ടെത്തിയ രണ്ടു ഹോട്ടലുകളില്നിന്ന്നിന്ന് 6,000 രൂപ പിഴ ഈടാക്കി.
പരിശോധനയുടെ ഭാഗമായി ഭക്ഷണശാലകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പരിശോധനകള്‍ തുടരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാഹിര്‍ഷാ അറിയിച്ചു.
പകര്‍ച്ച വ്യാധികള്‍ക്ക് ഇടയാക്കുന്ന രീതിയില്‍ ആഹാരപദാര്‍ഥങ്ങള്‍ കൈകാര്യം ചെയുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ആഹാരപാനീയങ്ങള്‍ തയാറാക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.
Tags : Stale food Nattuvishesham DistrictNews