കുണ്ടറ : വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കല്ലട കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകന് ആദിദേവ് (12) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. സംഭവസമയത്ത് ആദിദേവിന്റെ സഹോദരി ആര്‍ദ്ര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരനെ അന്വേഷിച്ചെത്തിയ ആര്‍ദ്രയാണ് വീടിനോട് ചേര്‍ന്ന ഷെഡിനുള്ളില്‍ തയ്യല്‍ മെഷീനിന് സമീപം ആദിദേവിനെ പൊള്ളലേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആര്‍ദ്രയുടെ കരച്ചില് കേട്ടെത്തിയ സമീപവാസികള്‍ ഉടന്‍തന്നെ ആദിദേവിനെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.
കോണ്‍ക്രീറ്റ് കരാറുകാരനായ പിതാവ് ഷെഡില്‍ സൂക്ഷിച്ചിരുന്ന തകരാറിലായ വൈബ്രേറ്റര്‍ മെഷീനാണ് അപകടകാരണമായതെന്നാണ് നിഗമനം. തയ്യല്‍ മെഷീന് മേശയ്ക്ക് മുകളില്‍ വൈദ്യുതി പ്ലഗില്‍ ഘടിപ്പിച്ച് സ്വിച്ച് ഓണ്‍ ചെയ്ത നിലയിലായിരുന്നു വൈബ്രേറ്റര്‍ മെഷീന്. ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തില്‍ വൈദ്യുതാഘാതമേറ്റെന്നാണ് കരുതുന്നത്.
Tags : Student dies electrocuted