ടി.വി. തോമസ്
ആലപ്പുഴ: ടി.വി. തോമസ് സ്മാരക ടൗൺഹാൾ പുനർനിർമിക്കാൻ സബ് കമ്മിറ്റി രൂപീകരിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനം. ടൗൺഹാൾ പൊളിക്കുന്നത് ഗൗരവപൂർവമായ തീരുമാനമാണെന്നും എല്ലാ സാദ്ധ്യതകളും പഠിച്ചശേഷം മാത്രമേ തുടർതീരുമാനമെടുക്കാവൂയെന്നും നഗരസഭ സെക്രട്ടറി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കക്ഷി നേതാക്കൾ, സ്ഥിരംസമിതി അദ്ധ്യക്ഷർ, മുൻ നഗരസഭാദ്ധ്യക്ഷ, സെക്രട്ടറി, എൻജിനിയർ എന്നിവർ ഉൾപ്പെട്ടതാകും സബ് കമ്മിറ്റി. രണ്ടാഴ്ചയ്ക്കുള്ളിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് തുടർനടപടികൾ സ്വീകരിക്കും.
പുനർനിർമാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിലും തീരുമാനമെടക്കേണ്ടതുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. നഗരസഭയുടെ തനത് ഫണ്ട് ലഭ്യമല്ലാത്തതിനാൽ മറ്റ് ഫണ്ടുകൾ കണ്ടെത്തി പുനർനിർമാണം നടത്തുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. അതേസമയം, ടൗൺഹാൾ നിർമാണത്തിനായി മുൻ കൗൺസിൽ മൂന്നകോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിച്ചിട്ടുണ്ടെന്ന് മുൻ നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ പറഞ്ഞു. കോടതിപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ച തുകയാണിതെന്നും അവർ പറഞ്ഞു. മുൻ കൗൺസിൽ കാലത്ത് നിർമാണം ഏറ്റെടുത്ത കെല്ലിന് ആദ്യഘട്ടത്തിൽ 15 ലക്ഷം രൂപ നൽകിയിരുന്നു. കെൽ പിന്മാറിയ സാഹചര്യത്തിൽ ഈ തുക തിരികെ ലഭിച്ചിട്ടണ്ടോയെന്ന് പരിശോധിക്കണമെന്ന് മുൻ നഗരസഭാദ്ധ്യക്ഷ സൗമ്യാ രാജ് ആവശ്യപ്പെട്ടു. ടൗൺഹാളിന്റെ ആധാരം എവിടെയാണെന്നതും പരിശോധിക്കണമെന്നും അവർ പറഞ്ഞു. നിലവിലെ കെട്ടിടം പൊളിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നും സെക്രട്ടറി വ്യക്തമാക്കി.
വീടുവിട്ട് ഇറങ്ങിവരുന്നവരിൽ മാനസിക പ്രശ്നമുള്ളവരെ നഗരസഭ ശാന്തി മന്ദിരത്തിൽ താമസിപ്പിക്കേണ്ടതില്ലെന്നും കൗൺസിൽ തീരുമാനിച്ചു. വിവിധ സാഹചര്യങ്ങളിൽ വീടുവിട്ട് ഇറങ്ങിവരുന്നവരെ പൊലിസിന്റെയും കൗൺസിലർമാരുടെയും സമ്മർദ്ദത്തെ തുടർന്ന് ശാന്തി മന്ദിരത്തിൽ പാർപ്പിക്കേണ്ടിവരുന്നുണ്ട്. ഇത്തരത്തിൽ എത്തുന്നവരിൽ മാനസിക പ്രശ്നമുള്ളവരുമുണ്ടെന്നും ഇവരുടെ സാന്നിദ്ധ്യം മറ്റ് താമസക്കാരുടെ സമാധാനം തകർക്കുന്നതായും പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു പറഞ്ഞു. ശാന്തി മന്ദിരത്തിന്റെ ബൈലോ പ്രകാരം മാത്രമേ ഇനി താമസക്കാരെ പ്രവേശിപ്പിക്കുകയുള്ളൂവെന്നും തീരുമാനിച്ചു.
നഗരത്തിൽ കണ്ണൻവർക്കി പാലത്തിന്സമീപം കുഴിയിൽ വീണ് മരിച്ച മഹേഷ് മാനുവലിന്റെ മരണവുമായി ബന്ധപ്പെട്ട്, നഗരത്തിലെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ നഗരസഭ പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നു. മഹേഷിന്റെ കുടുംബത്തിന് നിയമപരമായി ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ് പറഞ്ഞു.
Tags : Town Hall NattuVishasham DistrictNews