പ്രതീകാത്മക ചിത്രം
ഫോർട്ടുകൊച്ചി : ഡിജിറ്റല്‍ റീ സര്‍വേ നടപടികള്‍ പൂര്‍ത്തിയായ ശേഷം അത് നടപ്പിലാക്കുന്നതില്‍ വന്ന സാങ്കേതിക പിഴവുകള്‍ മൂലം മട്ടാഞ്ചേരി യിൽ ഭൂമി രജിസ്ട്രേഷന് സംബന്ധിച്ച നടപടികള്‍ പ്രതിസന്ധിയിലായി.
സർവേയറെ നിയമിക്കാതെയും വില്ലേജ് ഓഫിസ് ജീവനക്കാർക്ക് പരിശീലനം നൽകാതെയും ഡിജിറ്റൽ സർവേ നടപ്പിലാക്കിയതാണ് മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിന്റെ പ്രവർത്തനം താളം തെറ്റിച്ചതെന്നാണ് പരാതി.
മട്ടാഞ്ചേരി,പള്ളുരുത്തി വില്ലേജ് ഓഫിസുകളിലെ ഭൂമി സംബന്ധിച്ച കാര്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത് കൂടുതല്‍ തടസമായത്. റീ സര്‍വേ നടപ്പിലാക്കിയപ്പോള്‍ വന്ന സാങ്കേതിക പിഴവ് മൂലം ഈ വില്ലേജുകളില്‍ നിന്നുള്ള വസ്തുവിന്റെ സ്കെച്ച് എടുക്കാനോ കരം അടയ്ക്കാനോ കഴിയാത്ത അവസ്ഥയാണെന്നാണ് ആക്ഷേപം. ഇതറിയാതെ വസ്തു ക്രയവിക്രയത്തിനായി മുദ്രപ്പത്രം വാങ്ങുകയും രജിസ്ട്രേഷൻ ഫീ ഒടുക്കുകയും ചെയ്തവർ ഇതോടെ വെട്ടിലായി.
പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ കരം ഒടുക്കിയ രസീതും ഭൂമിയുടെ സ്കെച്ചും അനിവാര്യമാണ്. ഇപ്പോള്‍ ഇത് ലഭ്യമാക്കാനുള്ള സംവിധാനം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കൊച്ചി താലൂക്കിൽ ഏറ്റവുമധികം രജിസ്ട്രേഷൻ നടക്കുന്നത് മട്ടാഞ്ചേരി, പള്ളുരുത്തി വില്ലേജ് ഓഫിസുകളിൽ നിന്നുള്ള വസ്തുക്കളാണ്. ഇവിടെ രജിസ്ട്രേഷൻ നടപടികൾ ഇതോടെ മൂന്നിലൊന്നായി കുറഞ്ഞു.
സർക്കാരിന്റെ റവന്യൂ വരുമാനത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. പ്രാദേശിക അറിയിപ്പ് നൽകാതെ ഈ ഓഫിസുകളിലെ പ്രവർത്തനം ബ്ലോക്ക് ചെയ്തത് ജനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പെൺകുട്ടികളുടെ വിവാഹത്തിനും മറ്റുമായി ഭൂമി വില്പനക്ക് കരാർ എഴുതിയവർ ഇനി ഇത് എന്ന് രജിസ്റ്റർ ചെയ്യാനാവുമെന്നറിയാതെ നിസഹായവസ്ഥയിലാണ്.
Tags : digital resurvey NattuVishasham DistrictNews