പ്രതീകാത്മക ചിത്രം
ചെറായി : പോർച്ചുഗലിൽ ജോലി വാഗ്ദാനം ചെയ്ത് അമ്പതോളംപേരെ കബളിപ്പിച്ച് പണം തട്ടിയ രണ്ടംഗ സംഘത്തിലെ ചെറായി സ്വദേശി പ്ലാക്കൽ നീതു പ്രസാദിനെതിരെ മുനമ്പത്തും പൊലിസ് കേസെടുത്തു. മുനമ്പം ജനത ബീച്ച് റോഡ് ഭാഗത്തെ യുവതിയായ വീട്ടമ്മ നൽകിയ പരാതിയിൽ ബുധനാഴ്ചയാണ് കേസടുത്തത്.
പോർച്ചുഗലിലെ മരുന്നു കമ്പനിയിൽ പായ്ക്കിംഗ് ജോലി തരപ്പെടുത്താം എന്ന് പറഞ്ഞ് 2022 ഏപ്രിൽ 11ന് ഭർത്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2 ,20,000 രൂപ നീതു പറഞ്ഞ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തിരുന്നു. എന്നാൽ പിന്നീട് വീസ നൽകാതെ വന്നതിനെ തുടർന്ന് ഒരു ലക്ഷം രൂപ തിരികെ നൽകി. ബാക്കി 1,20,000 ആവശ്യപ്പെട്ടിട്ട് നൽകാതെ വന്നതിനെ തുടർന്നാണ് പരാതി നൽകിയത്.
തൃശൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ വ്യാപകമായി തട്ടിപ്പ് നടത്തി ഇപ്പോൾ ദുബായിൽ കഴിയുന്ന നീതുവിനും കൂട്ടാളിയായ കൊല്ലം മുണ്ടക്കൽ സ്വദേശി ബെൻസൺ ബോയ് വർഗീസിനും എതിരെ വീസ തട്ടിപ്പ് ആരോപിച്ച് കഴിഞ്ഞദിവസം ഞാറക്കൽ പൊലിസും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കൂടാതെ പറവൂർ, തൃശൂർ സ്റ്റേഷനുകളിലും കേസ് നിലവിലുണ്ട്. വഞ്ചിതരായവരുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെങ്കിലും അന്വേഷണം ഇഴയുകയാണെന്ന് ആക്ഷേപമുണ്ട്.
Tags : visa fraud