കായംകുളം-തിരുവല്ല സംസ്ഥാനപാതയിലെ കാക്കനാട് റെയിൽവേ ഗേറ്റ്.
കായംകുളം: കായംകുളം-തിരുവല്ല സംസ്ഥാനപാതയിലെ കാക്കനാട് റെയിൽവേ മേൽപ്പാലത്തിന്റെ ടെസ്റ്റ് പൈലിംഗ് അടുത്തയാഴ്ച നടക്കും. ഭാരം താങ്ങാനുള്ള മണ്ണിന്റെ ശേഷി പരിശോധിക്കുന്നതിനാണ് ടെസ്റ്റ് പൈലിംഗ് നടത്തുന്നത്. സെപ്റ്റംബറിൽ പാലംപണി തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. പാലത്തിനുവേണ്ടി ഏറ്റെടുത്ത ഭൂമിയിലെ മരം മുറിച്ചുമാറ്റുന്നതിനും മറ്റുമുള്ള നടപടികൾ നടന്നുവരികയാണ്.
വൈദ്യുതി ലൈനുകളും ജല അഥോറിറ്റിയുടെ പൈപ്പും മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റും തയാറായിട്ടുണ്ട്. 2018-19 സാമ്പത്തികവർഷമാണ് കാക്കനാട് മേൽപ്പാലത്തിന് അനുമതിയായത്.
പൂർണമായും റെയിൽവേയുടെ ഫണ്ടുപയോഗിച്ചാണ് നിർമാണം. 400 മീറ്റർ നീളവും 7.5 മീറ്റർ വീതിയും.1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടുന്ന മേൽപ്പാലത്തിന് 32.5 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്. കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ തീരദേശ റെയില്‍വേ പാതയിലാണ് കാക്കനാട് മേല്‍പ്പാലം നിർമിക്കുന്നത്.
ചെട്ടികുളങ്ങര-പത്തിയൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി ഭാഗത്ത് കൂടിയാണ് തീരദേശ റെയില്‍പാത കടന്നു പോകുന്നത്. കായംകുളം റെയില്‍വേ ജംഗ്ഷന് ഏറ്റവും അടുത്ത് നിൽക്കുന്ന ലെവൽ ക്രോസാണ് കാക്കനാട് ലെവൽക്രോസ്, അതിനാൽ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിന്‍ പുറപ്പെടുമ്പോൾ തന്നെ ഇവിടെ ഗേറ്റ് അടയ്ക്കേണ്ട അവസ്ഥയാണ്. ഇതുമൂലം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
പലപ്പോഴും വാഹനങ്ങള്‍ ഇടിച്ച് റെയില്‍വേ ഗേറ്റ് തകരാറിലാകുന്നതും നിത്യസംഭവമായിരുന്നു. ഒരുദിവസം പൂർണമായി ഗേറ്റ് അടച്ചിടുന്ന സ്ഥിതിവരെയുണ്ടായിട്ടുണ്ട്. കായംകുളത്തുനിന്നും തിരുവല്ല, കോട്ടയം ആശുപത്രികളിലേക്കു പോകുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെ ഗേറ്റില്‍ കുരുങ്ങുന്നത് രോഗികളെയും ദുരിതത്തിലാക്കാറുണ്ടായിരുന്നു.
ഏറെ തിരക്കുള്ള കായംകുളം-തിരുവല്ല സംസ്ഥാനപാതയിലെ ഏക റെയില്‍വേ ഗേറ്റാണിത്. നൂറുകണക്കിന് ബസുകള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന തെരക്കേറിയ പാതയുമാണ്. റെയില്‍വേ ഗേറ്റ് അടച്ചിടുമ്പോൾ ഇടവഴികളിലൂടെ തിരിഞ്ഞു പോകേണ്ടിവരുന്നത് യാത്രക്കാർക്ക് ഏറെ പ്രയാസകരവുമായിരുന്നു.
മേൽപ്പാലം യഥാർഥ്യമാകുന്നതോടെ ജനങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
Tags : Nattuvishesham District News