തലയാട്: പനങ്ങാട് ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബസ് സ്റ്റോപ്പ് മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയതിന് പകരം പുതിയ ബസ് സ്റ്റോപ്പ് നിർമിക്കാത്തത് യാത്രക്കാരെയും വിദ്യാർഥികളെയും ദുരിതത്തിലാക്കുന്നു.
തലയാട് അങ്ങാടിയിൽ നിന്ന് കക്കയം, കരിയാത്തുംപാറ, കൂരാച്ചുണ്ട് ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാരും വിദ്യാർഥികളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തുന്ന സഞ്ചാരികളും നിലവിൽ വെയിലും മഴയും ഏറ്റ് റോഡരികിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ്. മലയോര ഹൈവേയുടെ ഭാഗമായി മറ്റ് പല സ്ഥലങ്ങളിലും പുതിയ ബസ് സ്റ്റോപ്പുകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഇവിടെ ബസ് സ്റ്റോപ്പ് നിർമിക്കാനാവശ്യമായ നടപടിയുണ്ടായിട്ടില്ല.
മഴക്കാലം ശക്തമാകുന്ന സാഹചര്യത്തിൽ ബസ് കാത്തുനിൽക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്. സ്കൂൾ-കോളജ് വിദ്യാർഥികൾ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. അടിയന്തരമായി ബസ് സ്റ്റോപ്പ് നിർമിക്കാനാവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kozhikode