തലയോലപ്പറമ്പ് മത്സ്യ മാർക്കറ്റ് കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച നിലയിൽ.
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മത്സ്യ മാർക്കറ്റിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രമായി മാറ്റുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. വേലുതമ്പി ദളവ സ്ഥാപിച്ച തലയോലപപ്പറമ്പ് സസ്യമാർക്കറ്റ് ഒരു കാലത്ത് ജില്ലയിലെ തന്നെ പ്രധാന ചന്തയായിരുന്നു. സസ്യ മാർക്കറ്റിനു സമീപത്തായി പ്രവർത്തിച്ചിരുന്ന മത്സ്യ മാർക്കറ്റിൽ മത്സ്യ വിൽപന ഇപ്പോൾ നാമമാത്രമാണ്. മാർക്കറ്റിൽ കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടം ജീർണിച്ച് തകർന്നതോടെയാണ് മത്സ്യ മാർക്കറ്റിന്റെ ശനിദശ തുടങ്ങിയത്. ഇപ്പോൾ ഇവിടെ മാംസ വ്യാപാരവും ഉണക്കമീൻ വിൽപനയും മാത്രമാണ് നടക്കുന്നത്.
മത്സ്യ മാർക്കറ്റിന്റെ പ്രവർത്തനം പേരിന് മാത്രമായതോടെ ഇവിടം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന സ്ഥലമായി മാറി. ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ കുന്നുകൂടുന്നത്. പൊട്ടിപ്പൊളിഞ്ഞ മത്സ്യമാർക്കറ്റ് പൂർണമായും പൊളിച്ചുമാറ്റി ആധുനിക സംവിധാനത്തോടെയുള്ള മാർക്കറ്റ് നിർമിക്കുന്നതിന് പഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തെങ്കിലും പ്രാവർത്തികമായില്ല.
മാർക്കറ്റിൽ മലിനജലം ഒഴുക്കാനുള്ള മാർഗമില്ല. വെള്ളവും വെളിച്ചവും കൃത്യമായി ലഭിക്കുന്നില്ല. ഭൗതീക സാഹചര്യങ്ങളുടെ അപര്യാപ്തമൂലം പൊട്ടിത്തകർന്ന മാർക്കറ്റിലേക്ക് ചെറുകിട മത്സ്യക്കച്ചവടക്കാർ വരാതെയായി.
കോവിഡിനുശേഷം മത്സ്യവിൽപ്പനക്കാർ മാർക്കറ്റിനെ ഉപേക്ഷിച്ച് തെരുവോരങ്ങളിലേക്ക് ചേക്കേറിയതോടെ മാർക്കറ്റിൽ ആ അനക്കമില്ലാതെയായി. നിലവിലുള്ള മത്സ്യമാർക്കറ്റ് പൂർണമായും പൊളിച്ചുമാറ്റി അത്യാധുനിക സംവിധാനങ്ങളോടുകൂടിയ കെട്ടിടസമുച്ചയവും മാലിന്യപ്ലാന്റും നിർമിച്ച് മത്സ്യ മാർക്കറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മത്സ്യമാർക്കറ്റ് പുനരാരംഭിക്കണം
മത്സ്യ മാർക്കറ്റ് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലമാണ് പിന്തള്ളപ്പെട്ടത്. തകർന്നുപോയ കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടം നിർമിച്ച് മതിയായ സൗകര്യം ഉറപ്പാക്കി ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കിയാൽ മത്സ്യ മാർക്കറ്റിന്റെ പ്രവർത്തനം ഊർജിതമാക്കാനാകും.
-സജിത്ത് ഇബ്രാഹിം, പാലാംകടവ്
Tags : Local News Nattuvishesham Kottayam