കഴിഞ്ഞ ദിവസം അന്തരിച്ച നാടകാചാര്യന് ബേബിക്കുട്ടന് തൂലികയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്ന മന്ത്രി പി.സി. വിഷ്ണുനാഥ്.
ചവറ: നാടക ആചാര്യന് ബേബിക്കുട്ടന് തൂലികയ്ക്ക് നാട് വിട നല്കി. ഇന്നലെ വൈകുന്നേരം സംസ്ഥാന ബഹുമതികളോടുകൂടിയായിരുന്നു സംസ്കാരം. ശനിയാഴ്ച രാത്രി മുതല്‍ നിരവധി പേരാണ് അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നത്. ബേബി കുട്ടന് തൂലികയുടെ നിര്യാണം മലയാള നാടക ലോകത്തിന് തന്നെ തീരാനഷ്ടമായി. ജനപ്രിയ നാടകങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ കലാകാരനായിരുന്നു ബേബിക്കുട്ടന് തൂലിക.
ബേബിക്കുട്ടന് തൂലിക നിരവധി അമച്വര്‍, പ്രഫഷണല്‍ നാടകസംഘങ്ങളുമായി സഹകരിച്ച് ശ്രദ്ധേയമായ സൃഷ്ടികള്‍ അവതരിപ്പിച്ചു. പുതുമുഖ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിലും നാടകകലയെ ജനകീയമാക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചു. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ നോവല്‍ നേരിട്ട് കൈപ്പറ്റി, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നാടകമാക്കി ആദ്യമായി അവതരിപ്പിച്ചത് ബേബിക്കുട്ടന് തൂലികയാണ്. വിദേശ രാജ്യങ്ങളിലും അദ്ദേഹം ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്.
ചെമ്മീന്‍ എന്ന നാടകം അതി മനോഹരമായി അരങ്ങിലെത്തിച്ചതിന് തകഴി ശിവശങ്കരപ്പിള്ള ബേബിക്കുട്ടനെ അഭിനന്ദിച്ചു. കേരള സര്‍ക്കാരിന്റെ അഞ്ച് അവാര്‍ഡുകള്‍ ചെമ്മീനിന് ലഭിച്ചു.
വ്യത്യസ്ത നാടകസമിതികള്ക്കായി എഴുപതിലധികം നാടകങ്ങള്‍ അദ്ദേഹം രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രമാണി, പകല്‍പ്പൂരം, ലയവിന്യാസം, അമ്മവീട്, തുളസിത്തറ, മിഥുനരാശി, പള്ളി വേട്ട, കിളിപ്പാട്ട്, സ്വതന്ത്രന് തുടങ്ങിയ പ്രധാനപ്പെട്ട ചില നാടകങ്ങളാണ്. അംഗീകാരങ്ങളും പുരസ്കാരങ്ങളും നാടകരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1983 ലെ കേരള സര്‍ക്കാരിന്റെ ഏറ്റവും നല്ല നാടകരചനയ്ക്കുള്ള അവാര്‍ഡ് കേരളാ തീയറ്റേഴ്സ് അവതരിപ്പിച്ച ലയവിന്യാസം എന്ന നാടകത്തിലൂടെ ബേബിക്കുട്ടന് കരസ്ഥമാക്കി. 2002 ല്‍ കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ബേബിക്കുട്ടന് ലഭിച്ചു.
സംസ്ഥാന സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, മന്ത്രി ഷിബു ബേബി ജോണ്‍, എന്‍.കെ. പ്രേമചന്ദ്രന് എംപി, കളക്ടർ ആനി ജൂല തോമസ്, വിവിധ ജനപ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കലാസ്നേഹികള്‍, വിവിധ മേഖലകളില്‍നിന്നുള്ളവര്‍ അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.
Tags : Local News Nattuvishesham Kollam