നാനാടത്ത് നിയന്ത്രണം വിട്ട കാർ പാടത്തേക്കു മറിഞ്ഞ നിലയിൽ.
ഉദയനാപുരം: നിയന്ത്രണംവിട്ട കാർ വഴിയോരത്തെ കടയിലും ബൈക്കിലും ഇടിച്ചശേഷം വൈദ്യുത പോസ്റ്റ് തകർത്ത് വെള്ളം നിറഞ്ഞ പാടത്തേക്കു മറിഞ്ഞു. അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഉദയനാപുരം നേരേകടവ് കരിമലേകാട്ട് ശരത്തിന് (32) നിസാര പരിക്കേറ്റു. കാറിൽ സഞ്ചരിച്ചിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതപ്പെടുന്നു.
ബുധനാഴ്ച പുലർച്ചെ ഒന്നോടെ നാനാടം മാർക്കറ്റിന് സമീപമായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്ന് കാർ വൈക്കത്തേക്കു വരികയായിരുന്നു. പെരുമ്പാവൂരിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു വരികയായിരുന്നു ബൈക്ക് യാത്രികൻ. സമീപത്തെ വഴിയോരക്കടയും വൈദ്യുതപോസ്റ്റും അപകടത്തെത്തുടർന്ന് തകർന്നു. ഇതിനു മുമ്പും ഈ ഭാഗത്ത് കാർ നിയന്ത്രണംവിട്ട് പാടത്തേക്കു പതിച്ചിട്ടുണ്ട്.
Tags : Local News Nattuvishesham Kottayam