ക്രൈസ്റ്റ് ചലഞ്ച് ട്രോഫി ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഇന്റർനാഷണൽ ബാസ്കറ്റ്ബോൾ താരം കെ.എസ്. പൂജാമോൾ ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: ഫാ. കുര്യൻ മുത്തോച്ചേരിൽ സിഎംഐ സ്മാരക ക്രൈസ്റ്റ് ചലഞ്ച് ട്രോഫിക്കായുള്ള 11-ാമത് അഖില കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന് മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ കാമ്പസിൽ തുടക്കമായി. സംസ്ഥാനത്തെ പ്രമുഖ സ്കൂൾ ബാസ്കറ്റ്ബോൾ ടീമുകളാണ് ചാമ്പ്യൻഷിപ്പ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.
ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ ആതിഥേയരായ ക്രൈസ്റ്റ് സെൻട്രൽ സ്കൂളിന് സമ്മിശ്രഫലമാണ് ലഭിച്ചത്. പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആതിഥേയർ, മല്ലപ്പള്ളി സോഫിയ ഇന്റർനാഷണൽ സ്കൂളിനെ പരാജയപ്പെടുത്തി ഉജ്ജ്വല വിജയം സ്വന്തമാക്കി. ആൺകുട്ടികളുടെ കടുത്ത പോരാട്ടത്തിൽ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ കുര്യനാട് സെന്റ് ആൻസ് എച്ച്എസ്എസിനോട് പരാജയപ്പെട്ടു.
ഇന്റർനാഷണൽ ബാസ്കറ്റ്ബോൾ താരം കെ.എസ്. പൂജാമോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ ബർസാർ ഫാ. ടോം കരുത്തേടം സിഎംഐ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്പോർട്സ് ക്യാപ്റ്റൻ മാസ്റ്റർ ആരോൺ ജേക്കബ്, ഹെഡ് ബോയ് ബോവാസ് ഫിലിപ്പ് മനോജ്, ഹെഡ് ഗേൾ കുമാരി അമൃത സുരേഷ് എന്നിവർക്കൊപ്പം കായികതാരങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാർഡ് കൗൺസിലർ ജെനു മാത്യു, പിഡിബിഎ പ്രസിഡന്റ് ജോർജ് സക്കറിയ, സെക്രട്ടറി ജോസഫ് ജോൺ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ് ബോയ് മാസ്റ്റർ ബോവാസ് ഫിലിപ്പ് മനോജ് സ്വാഗതവും ഡിയോണ ഷാജി നന്ദിയും പറഞ്ഞു.
Tags : District News Nattuvishesham Christ Challenge Trophy basketball tournament