കോട്ടയം സെന്റ് ആന്‍സ് ജിഎച്ച്എസ്എസില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്. - അനൂപ് ടോം
കോട്ടയം: നാടും നഗരവും ഓണാഘോഷത്തില്‍. പൂവിളിയും പുലികളിയും ഊഞ്ഞാലാട്ടവും ഓണസദ്യയുമൊക്കെയായി അത്തം മുതല്‍ നാട്ടിലെങ്ങും ഓണം വൈബാണ്. ഓണം വിഭവസമൃദ്ധമാക്കാന്‍ വിലക്കുറവില്‍ സാധനങ്ങളുമായി ഓണച്ചന്തകള്‍ നേരത്തെതന്നെ തുടങ്ങി. ഓണച്ചന്തകളില്‍ സദ്യവട്ടങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ രാവിലെ മുതല്‍ തിരക്കാണ്. സപ്ലൈകോയ്ക്കുപുറമേ കൃഷി വകുപ്പും ഹോര്‍ട്ടികോര്‍പ്പും കുടുംബശ്രീയും ഓണച്ചന്തകള്‍ തുറന്നിട്ടുണ്ട്.
വഴിയോരങ്ങളിലെ പൂവിപണിയും സജീവമാണ്. സ്കൂളിലും കോളജിലും ഓഫീസുകളിലും സ്ഥാപനങ്ങളിലുമെല്ലാം പൂക്കളം തീര്‍ക്കാന്‍ പൂവ് വേണം. കുടുംബശ്രീയുടെ പൂവിപണിയും സജീവം.
ചിങ്ങത്തിനു മുമ്പേ വസ്ത്രശാലകളിലും ഗൃഹോപകരണ കടകളിലും തിരക്ക് തുടങ്ങിയിരുന്നു. ഡിസ്കൗണ്ടും ഓഫറുമൊക്കെ നോക്കി ആളുകള്‍ ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്.
രണ്ടു ദിവസമായി കോളജ്, സ്കൂള്‍ ഓണാഘോഷങ്ങളാണ്. പാട്ടും നൃത്തവും മാവേലിയും മലയാളി മങ്കയും വടംവലിയും കലംതല്ലിപ്പൊട്ടിക്കലുമായി ഓണാവേശത്തിന്റെ മനോഹരമായ വൈബാണ് കുട്ടികൾ തീര്‍ത്തത്. പ്രമുഖ കലാലയങ്ങളിലെല്ലാം രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്ന ഓണാഘോഷമായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. സെറ്റുസാരിയിലും പട്ടുപാവാടയിലും പെണ്‍കുട്ടികള്‍ കളറായപ്പോള്‍ കസവുമുണ്ടിലും കളര്ഷര്ട്ടിലും ആണ്‍കുട്ടികള്‍ ഓണാഘോഷം തിമിര്‍ത്തു.
പൂക്കള മത്സരവും കസേരകളിയും സ്പൂണില്‍ നാരങ്ങയും ചാക്കില്ചാട്ടവുമൊക്കായി ഓണക്കളികളില്‍ സ്കൂള്‍ മുറ്റങ്ങള്‍ രാവിലെ മുതല്‍ ആവേശമായി. കുട്ടികള്‍ക്കൊപ്പം അധ്യാപകരും ആവേശത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ ഓണാവേശം ഉച്ചസ്ഥായിയിലായി. ഓണം വഴിയോര വിപണിയും സജീവമാണ്. നാടന്‍ പച്ചക്കറികളും തുണിത്തരങ്ങളുമൊക്കെ വിലക്കുറവില്‍ വഴിയോരങ്ങളില്‍ ലഭിക്കും.
ഹോട്ടലുകളില്‍ ഓണസദ്യയുടെ തിരക്കാണ്. വലിയ ഹോട്ടലുകള്‍ ഓണസദ്യയുടെ ബുക്കിംഗ് നേരത്തെ തുടങ്ങിയിരുന്നു. തൂശനിലയില്‍ 16 കൂട്ടം കറികളും പായസവുമായിട്ടാണ് ഓണസദ്യ. പ്രമുഖ നഗരങ്ങളില്‍ രാവിലെ മുതല്‍ ഓണത്തിരക്കാണ്. പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇന്നുമുതല്‍ അവധി ആരംഭിക്കുന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഓണത്തിരക്ക് തുടങ്ങും.
Tags : NattuVishesham DistricteNews