കിടങ്ങൂര്‍: ശക്തമായ മഴയെത്തുടര്‍ന്ന് മീനിച്ചിലാറ്റില്‍ നിന്ന് ചെറുതോടുകളിലേയ്ക്കും പാടങ്ങളിലേയ്ക്കും വെള്ളം കയറിയതോടെ ഊത്തമീനുകളുടെ ചാകര. കിടങ്ങൂര്‍ കട്ടച്ചിറത്തോട്ടിലും സമീപ പാടങ്ങളില്‍ നിന്നുമാണ് കൂടുതലും മീനുകളെ ലഭിക്കുന്നത്.
ഇത്തവണ പുല്ലനും വാളയും മഞ്ഞക്കൂരിയുമാണ് കൂടുതലായി ലഭിക്കുന്നതെന്ന് മീന്‍ പിടിത്തക്കാര്‍ പറയുന്നു. ഇവയ്ക്കു പുറമെ ആറ്റുവരാല്, ആഫ്രിക്കന്‍ മുഷി, കാരി, അറിഞ്ഞില്, പള്ളത്തി, ചില്ലാന്‍കൂരി, കട്ല, വാകവരാല്‍ തുടങ്ങിയ മീനുകളും ലഭിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മീനുകള്‍ കൂടുതലുണ്ടെന്ന് ഊത്തപിടിത്തക്കാര് പറഞ്ഞു. വീശുവല, കച്ചാവല ഉപയോഗിച്ചും മീന്‍കൂട ഇട്ടും ചൂണ്ടയിട്ടുമാണ് മീനുകളെ പിടിക്കുന്നത്. ചെറുമീനുകള്‍ വളരെ കുറവാണ്. കാലാവസ്ഥ അനുകൂലമായാല്‍ 10 ദിവസംകൂടി മീനുകളെ ലഭിച്ചേക്കും.
ഇത്തരത്തില്‍ പിടിക്കുന്ന മീനുകളെ വിൽപ്പന നടത്തുന്നവരും ധാരാളമാണ്.
ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ കിടങ്ങൂരിനു സമീപം കട്ടച്ചിറയിലാണ് നാടന്‍ മീനുകളുടെ വില്പന നടക്കുന്ന പ്രധാന കേന്ദ്രം. വഴിയോരത്താണ് മീന്‍ വില്പന തകൃതിയായി നടക്കുന്നത്. ഹൈവേ റോഡ് സൈഡായതിനാല്‍ നല്ല തിരക്കാണ്. നാടന്‍ മീന്‍ വാങ്ങാനായി ദുരെ സ്ഥലങ്ങളില്‍ നിന്നുപോലും ഇവിടേക്ക് ആളുകള്‍ എത്തുന്നുണ്ട്. 100 രൂപ മുതല്‍ 500 രൂപ വരെയാണ് മീനുകളുടെ വില.
Tags : nattu vishesham fish in a pond