പ്രതീകാത്മക ചിത്രം
ചെറുതോണി: 25 വർഷങ്ങൾക്കു മുൻപുണ്ടാക്കിയ കിരാത നിയമമായ ഇഎഫ്എൽ പ്രകാരം നോട്ടീസ് പോലും നൽകാതെ കർഷകരുടെ കൃഷിഭൂമിയിൽ കയറി ഏലവും കാപ്പിയും അടക്കമുള്ള വിളകൾ വെട്ടിനശിപ്പിക്കുന്ന നടപടി വനംവകുപ്പ് ഉടനടി അവസാനിപ്പിക്കണമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പീച്ചാട് പ്ലാമലയിൽ ഏലത്തോട്ടവും പഴയരിക്കണ്ടത്ത് കാപ്പിത്തോട്ടവും വനംവകുപ്പ് ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചിരുന്നു. ജില്ലയിൽ മാത്രം 2500 ഏക്കർ സ്ഥലം ഇഎഫ്എൽ ആക്കിയിട്ടുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ, അത് കൃത്യമായി അളന്നുതിരിക്കുകയോ നിലവിലുള്ള ഉടമസ്ഥർക്ക് നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ല. വനംവകുപ്പിന് വ്യക്തിവിരോധം തീർക്കാനുള്ള മാർഗമായി ഇഎഫ്എൽ നിയമത്തെ മാറ്റുകയാണ്.
നിയമവിരുദ്ധമായി ഏറ്റെടുത്ത മുഴുവൻ ഇഎഫ്എൽ ഭൂമിയും കർഷകർക്ക് തിരിച്ചു നൽകുമെന്ന് യുഡിഎഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചിരുന്നു. ആ വാഗ്ദാനം പാലിച്ച് ജില്ലയിൽ ഇഎഫ്എൽ ആയി പ്രഖ്യാപിച്ച മുഴുവൻ ഭൂമിയും കർഷകർക്ക് തിരിച്ചു നൽകണമെന്ന് കിഫ ആവശ്യപ്പെട്ടു. ഇഎഫ്എൽ ഭൂമി കൈയേറിയെന്നാരോപിച്ച് പ്ലാമലയിൽ ബേബി കളരിക്കലിന്റെ പേരിലും പഴയരിക്കണ്ടെത്ത് ടിജോ പി. ജോയിയുടെ പേരിലും എടുത്ത കള്ളക്കേസുകൾ ഉടനടി പിൻവലിക്കണമെന്നും കിഫ ആവശ്യപ്പെട്ടു.
ഇഎസ്എ വിഷയത്തിൽ ജില്ല അതീവ ആശങ്കയിലാണ്. ഇടുക്കിയിലെ 51 വില്ലേജുകൾ ഇഎസ്എ കരട് നോട്ടിഫിക്കേഷനിൽ ഉൾപ്പെട്ടിട്ടുണ്ട്. കസൂതൂരിരംഗൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡപ്രകാരം 100ൽ കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ഒരു വില്ലേജും ഇഎസ്എ പരിധിയിൽ വരില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ ഇഎസ്എ ബാധകമല്ലെന്ന നിലപാട് സർക്കാരെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ടിജോ പി. ജോയ്, മാർട്ടിൻ ജോൺ, ബൈജു ദേവസ്യ, സാജൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.