നെയ്യാറ്റിന്‍കര: സൈക്കിളില്‍ നാടാകെ ചുറ്റി വൃക്ഷത്തൈകളും വിത്തുകളും വിതരണം ചെയ്യുന്ന ഹരിതമാനവൻ. കാരോട് മണ്ണാംവിള ഗ്രീന്‍ ഭവനില്‍ രാജാമണി എന്ന പരിസ്ഥിതി സ്നേഹി എത്രയോ കാലമായി ഈ നിശബ്ദസേവനം തുടരുന്നു. പ്രകൃതിയെ സ്വന്തം ഹൃദയത്തുടിപ്പിനോടൊപ്പം ചേര്‍ത്ത് ജീവിക്കുന്ന ഈ പച്ചമനുഷ്യന് സംസ്ഥാന വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം ഇന്നു സമ്മാനിക്കും.
പിതാവ് ജ്ഞാനചന്ദ്രനില് നിന്നാണ് മണ്ണിനോടും കൃഷിയോടും പരിസ്ഥിതിയോടുമൊക്കെയുള്ള ആഴമേറിയ സ്നേഹത്തിന്റെ തന്മാത്രകള് രാജാമണിയിലേയ്ക്ക് പ്രസരിച്ചത്. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിച്ച നാലു വിദ്യാലയങ്ങളിലും പിന്നീട് മുതിര്‍ന്നപ്പോള്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനായെന്നു പറയുന്പോള്‍ ഈ നാട്ടിന്‍പുറത്തുകാരന്റെ വാക്കുകളില്‍ അക്ഷരവിനയസ്പര്ശം.
ആയുസിന്റെ പുസ്തകത്തില്‍ പ്രായം 65 ആയിട്ടും ഇപ്പോഴും യാത്ര പഴയ സൈക്കിളില്‍ തന്നെ. വട്ടത്തില്‍ ചവിട്ടുന്പോള്‍ നീളത്തില്‍ ഓടുന്ന ഇരുചക്രത്തിന്റെ പിറകില്‍ വൃക്ഷത്തൈകള്‍ കരുതാനായി ഒരു പെട്ടി ഘടിപ്പിച്ചിട്ടുണ്ട്. കൈയിലുള്ള തുണിസഞ്ചി നിറയെ പച്ചക്കറി മുതൽ പഴവർഗങ്ങൾ വരെയുള്ളവയുടെ അരുമയാർന്ന വിത്തിനങ്ങളുണ്ടാകും. വിദ്യാലയങ്ങള്‍, സാക്ഷരതാ കേന്ദ്രങ്ങള്‍ എന്നിങ്ങനെ എവിടെയും വൃക്ഷത്തൈകളോ വിത്തുകളോ മണ്ണില്‍ നടാന്‍ രാജാമണി സദാ സന്നദ്ധനാണ്.
ആവശ്യത്തിന് ഇടമുള്ള വഴിയോരത്ത് തണല്‍വൃക്ഷങ്ങളും നട്ടിട്ടുണ്ട്. വീട്ടുവളപ്പിലെ തോട്ടത്തില്‍ തയാറാക്കുന്ന വിത്തുകള്‍ പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്നതും പതിവ്. എന്നാല്‍ അതിനെക്കാളൊക്കെ എത്രയോ ഇരട്ടി അദ്ദേഹം വൃക്ഷത്തൈകളും വിത്തുകളും ആവ്യക്കാര്‍ക്ക് സൗജന്യമായി നല്കിയിട്ടുണ്ടെന്നതും വാസ്തവം.
നെയ്യാര്‍ മുതല്‍ പൊഴിക്കര വരെ മുളവച്ചു പിടിപ്പിക്കല്‍, കുളങ്ങളുടെ കരയില്‍ രാമച്ചം നടീല്‍ മുതലായ പദ്ധതികളുടെയും ഭാഗമാകാനും നേതൃത്വമേകാനും അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. സാഹസിക പരിശീലന അക്കാദമിയായ അമാസ് കേരളയുടെ അസി. ഡയറക്ടര്‍ കൂടിയായ രാജാമണിക്ക് 2015 ല്‍ പ്രകൃതിമിത്ര പുരസ്കാരം ലഭിച്ചു. വിവിധ സംഘടനകളുടെ ശ്രേഷ്ഠസേവാ ബഹുമതിക്കും ജൈവകര്‍ഷക പുരസ്കാരത്തിനും അര്‍ഹനായിട്ടുണ്ട്.
ഔഷധസസ്യങ്ങളുടെ അറിവ് പകരാനും പരിസ്ഥിതി ബോധവത്കരണത്തിനും മറ്റും പ്രാധാന്യം നല്കുന്ന ക്ലാസുകളും നല്കുന്നു.പ്രതിഭാധനനായ കരകൗശല വിദഗ്ധനുമാണ് രാജാമണി. അയ്ങ്കാമം ഗവ. സ്കൂളിലെ രാജാംബികയാണ് ഭാര്യ. മക്കള്‍ ശ്രീരാജ്, രാജശ്രീ.
പുതുതലമുറ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി പങ്കു ചേരുന്നതു വളരെ സന്തോഷകരമാണെന്നും സദാ ഹരിതാഭമായ പ്രകൃതിയാണ് തന്റെ സ്വപ്നമെന്നും മുന്‍ സ്കൗട്ട് മാസ്റ്റര്‍ കൂടിയായ രാജാമണി കൂട്ടിച്ചേര്‍ത്തു.