വിഴിഞ്ഞം: സുഹൃത്തുക്കളോടൊപ്പം വിഴിഞ്ഞത്തെത്തി കടലിൽ കാണാതായ ഹോമിയോ ഡോക്ടറെ കണ്ടെത്താനായില്ല. തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും സംയുക്തമായി ഇന്നലെ രാവിലെ മുതൽ നടത്തിയ തെരച്ചിലും വിഫലമായി.
വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് നന്ദനത്തിൽ കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥനായ സെൽവരാജിന്റെയും അജിതയുടെയും മകൻ എ.എസ്. ശ്രീജിത്തിനെ കണ്ടെത്താനുള്ള ശ്രമമാണ് പരാജയമായത്. ശക്തമായ കടൽക്ഷോഭവും കാറ്റും തെരച്ചിലിനു തടസമായതു കണക്കിലെടുത്ത അധികൃതർ നേവിയുടെ സഹായവും തേടി. നേവി സംഘം ഇന്നു വിഴിഞ്ഞത്തെത്തുമെന്ന പ്രതീക്ഷയിലാണ് തീരദേശ പോലീസ്.
തിങ്കളാഴ്ച പുലർച്ചെ അ ഞ്ചോടെ വിഴിഞ്ഞം മതിപ്പുറം ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രത്തിനു സമീപമാണ് അപകടമുണ്ടായത്. ഹോമിയോ ഡോക്ടറായി പഠനം പൂർത്തിയാക്കിയശേഷം എംഡിക്ക് തയാ റെടുക്കുകയായിരുന്ന ശ്രീജിത്ത് തിരുവനന്തപുരം മൊട്ടമൂടിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. അവിടെനിന്ന് സുഹൃത്തുക്കളോടൊപ്പം വിഴിഞ്ഞത്തുവന്ന് പാറക്കൂട്ടങ്ങളിൽനിന്ന് ഫോട്ടോ എടുക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു.