രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരനെ ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ നിവേദനം നൽകി. കള്ളാർ, കോടോം- ബേളൂർ, ബളാൽ, പനത്തടി, കുറ്റിക്കോൽ, കർണാടകത്തിലെ അതിർത്തി പഞ്ചായത്തായ കരിക്കെ എന്നീ മലയോര പഞ്ചായത്തുകളിലെ ആളുകൾ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണ് പൂടംകല്ല് താലൂക്ക്.
കഴിഞ്ഞ ആറുമാസം കാലമായി നേരാംവണ്ണം രാത്രികാല സേവനം പോലും ഇല്ലാത്ത അവസ്ഥയിലാണ് ഈ ആശുപത്രിയുള്ളത്. പിഎസ്സി കിട്ടിവരുന്ന ഡോക്ടർമാരുടെ എണ്ണം പരിമിതമായത് ഇതിന് ഒരു കാരണമാണ്. മലയോരത്തെ എസ്സി/എസ്ടി വിഭാഗക്കാരും എൻഡോസൾഫാൻ ദുരിത ബാധിതരും അടങ്ങുന്ന നിരവധി പാവപ്പെട്ടവർ നിറഞ്ഞ പ്രദേശമാണിത്. ഒരു താലൂക്ക് ആശുപത്രിക്ക് മൂന്ന് സിവിൽ സർജന്മാർ നിർബന്ധമായും വേണമെന്നിരിക്കെ ഒരാൾ മാത്രമാണ് രേഖയിലുള്ളത്. അദ്ദേഹം ദീർഘകാലം അവധിയിലാണ്. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ നാലുപേർ വേണ്ടെടിത്ത് രണ്ടു പേർ മാത്രമാണുള്ളത്. ആറ് അസി. സർജന്മാർ വേണ്ടെടിത്ത് രണ്ടുപേർ മാത്രമാണുള്ളത് ,
സ്പെഷാലിറ്റി വിഭാഗത്തിൽ ജനറൽ മെഡിസിൻ ആളില്ല. ഗൈനക്കോളജി വിഭാഗത്തിനുള്ള ഭൗതിക സാഹചര്യങ്ങൾ എല്ലാം ഒരുങ്ങിയെങ്കിലും ആ വിഭാഗത്തിൽ ആരെയും നിയമിച്ചിട്ടില്ല. മഴക്കാല രോഗങ്ങൾ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഡോക്ടർമാരുടെ രാത്രികാല സേവനം അടക്കം മുടങ്ങാതെ ലഭിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയത്.
Tags : nattu vishesham The operations Poodamkallu Taluk