കൊച്ചി: ചിലവന്നൂര്‍ ബണ്ട് റോഡിനെ ദേശീയ പാതയുമായി കൂട്ടിമുട്ടിക്കാനുള്ള 200 മീറ്റര്‍ റോഡിന്റെ നിര്‍മാണം മൂന്നുപതിറ്റാണ്ടായിട്ടും പ്രാവര്ത്തികമായില്ലെന്ന പരാതി പരിഹരിക്കുന്നതിന് ജിസിഡിഎയും കൊച്ചി കോര്‍പറേഷനും ഒരാഴ്ചക്കുള്ളില്‍ സംയുക്ത പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ഇരു സ്ഥാപനങ്ങളിലെയും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ സ്ഥലപരിശോധനയില്‍ പങ്കെടുത്ത് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.
ഇതിനുശേഷം ജിസിഡിഎ, കോര്പ്പറേഷന് സെക്രട്ടറിമാരുടെയും സൂപ്രണ്ടിംഗ് എന്‍ജിനീയര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുടെയും യോഗം ജില്ലാ കളക്ടര്‍ വിളിച്ച ശേഷം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടോ എന്നും ഫണ്ട് കണ്ടെത്തേണ്ടതുണ്ടോ എന്നും പരിശോധിച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കര്‍മപദ്ധതി ആറാഴ്ചക്കുള്ളില്‍ ജില്ലാ കളക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം. റോഡ് പൂര്‍ത്തിയാക്കാനെടുക്കുന്ന ഏകദേശം സമയവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ ഉത്തരവില്‍ പറയുന്നു.
ജിസിഡിഎ സെക്രട്ടറിയും കോര്പറേഷന് സെക്രട്ടറിയും ആറാഴ്ചക്കുള്ളില്‍ പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കമ്മീഷനില്‍ സമര്പ്പിക്കുന്നറിപ്പോര്ട്ടിനൊപ്പം സ്ഥല പരിശോധനാ റിപ്പോര്‍ട്ടും ചേര്‍ക്കണം.
ഒക്ടോബര്‍ 23ന് പത്തടിപ്പാലം റസ്റ്റ് ഹൗസില്‍ കമ്മീഷന് നടത്തുന്ന സിറ്റിംഗില്‍ ജില്ലാ കളക്ടര്‍ക്ക് വേണ്ടി ആര്‍ഡിഒയും കോര്പറേഷന്, ജിസിഡിഎ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാരും ഹാജരാകണമെന്നും നിര്‍ദേശിച്ചു. 200 മീറ്റര്‍ റോഡ് പൂര്‍ത്തിയായാല്‍ ദേശീയപാതയില്‍ തൈക്കുടത്തെത്താന് എളുപ്പ മാര്‍ഗമാണ്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
Tags : nattu vishesham Chilavannur Bund Road national highway