പുന്നേക്കാട് ജനവാസ മേഖലയിൽ ഒരാഴ്ചക്കാലമായി തമ്പടിച്ചിരുന്ന കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുന്നതിന്റെ ദൃശ്യങ്ങൾ.
കോതമംഗലം: കീരംപാറ പുന്നേക്കാട് ജനവാസ മേഖലയിൽ ഒരാഴ്ചക്കാലമായി തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തി. രാത്രികളിൽ പുന്നേക്കാട് മേഖലയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ ആനകളെയാണ് പുഴകടത്തി ഉൾവനത്തിലേക്ക് തുരത്തിയത്. ഇന്നലെ രാവിലെ തുടങ്ങിയ യജ്ഞം വൈകുന്നേരത്തോടെയാണ് പൂർത്തിയാക്കിയത്.
പുന്നേക്കാടിന് സമീപത്തെ പ്ലാന്റേഷനിലാണ് നാല് കൊമ്പന്മാരുടെ കൂട്ടം തമ്പടിച്ചത്. ഫെന്‍സിംഗ് തകര്‍ത്താണ് കാട്ടാനകൾ പ്ലാന്റേഷനിലേക്കും ജനവാസമേഖലകളിലേക്കും എത്തുന്നത്.
വനപാലകരും വനം സംരക്ഷണ സമിതി ഭാരവാഹികളും ജനപ്രതിനിധികളും മണിക്കൂറുകള്‍ നീണ്ട ദൗത്യത്തില്‍ പങ്കെടുത്തു. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി, വൈസ് പ്രസിഡന്റ് ബിനോയി സി. പുല്ലൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സഞ്ജീവ് കുമാർ എന്നിവർ ദൗത്യത്തിന് നേതൃത്വം നൽകി.
കാട്ടാനപ്പേടിയിൽ ചേലമല
ഒരിടവേളക്ക് ശേഷം ചേലമല പ്രദേശം കേന്ദ്രീകരിച്ച് കാട്ടാന ശല്യം വീണ്ടും ശക്തമാകുന്നതില്‍ നാട്ടുകാർ ആശങ്കയിലാണ്. ബുധനാഴ്ച രാത്രി പുന്നേക്കാട്-തട്ടേക്കാട് റോഡിന് സമീപത്ത് കാട്ടാനക്കൂട്ടം നേരം നിലയുറപ്പിച്ചിരുന്നു.
നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയാണ് റോഡിലൂടെ യാത്രക്കാരെ കടത്തിവിട്ടത്. ഇതിന് മുമ്പ് ഒട്ടേറെതവണ ആനകളെ ഇവിടുന്നു തുരത്തിയിരുന്നു. ഏറെ വൈകാതെ കാട്ടാനക്കൂട്ടം മടങ്ങിയെത്തുകയാണ് പതിവ്.
ഏഴ് കിലോമീറ്റര്‍ വനാതിര്‍ത്തിയില്‍ ട്രഞ്ച് താഴ്ത്തിയാല്‍ ആന ശല്യം ശാശ്വതമായി തടയാനാകുമെന്ന് വനംസംരക്ഷണസമിതി ഭാരവാഹികൾ പറയുന്നത്.
അയ്യമ്പുഴയിൽ പ്രമേയം
കാലടി: അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ നിന്നും കാട്ടാനകളെ അയ്യമ്പുഴ പഞ്ചായത്തിലേക്ക് കടത്തുന്ന വനം വകുപ്പ് നടപടിക്കെതിരെ അയ്യമ്പുഴ പഞ്ചായത്ത് പ്രമേയം പാസാക്കി.
കാട്ടാന ശല്യം അതിരൂക്ഷമായ അയ്യമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകളിലേക്ക് സ്പെഷൽ ഡ്രൈവ് എന്ന പേരിൽ അതിരപ്പിള്ളി പഞ്ചായത്തിൽ നിന്ന് ആക്രമണകാരികളായ അമ്പതിൽപരം ആനകളെ കടത്തിവിടുന്നതിൽ പഞ്ചായത്ത് അടിയന്തര കമ്മിറ്റി വിളിച്ച് ചേർത്താണ് പ്രമേയം പാസാക്കിയത്.
പ്രസിഡന്റ് റെജി വർഗീസ് അവതരിപ്പിച്ച പ്രമേയം പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠ്യേന പാസാക്കി . പഞ്ചായത്ത് പ്രസിഡന്റ് മന്ത്രി റോജി എം. ജോണിന് പ്രമേയം കൈമാറി.
Tags : Local News Nattuvishesham Ernakulam