ഒറ്റപ്പാലം: ഇടവപ്പാതി കനിഞ്ഞില്ല, മിഥുനമാസത്തിൽ പ്രതീക്ഷയർപ്പിച്ച് നെല്ലറ. ഇടവപ്പാതി മഴക്ക് കേൾവി കേട്ടതാണ്. എന്നാൽ മഴ പെയ്തത് പേരിന് മാത്രം. മിഥുനം പിറക്കാൻ ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. നാളെ മിഥുനമാസം പിറക്കും. ഇതിൽ പ്രതീക്ഷയർപ്പിച്ചാണ് ഇപ്പോൾ നെല്ലറയിലെ കർഷകർ കാത്തിരിക്കുന്നത്.
ജില്ലയിലെ ജലാശയങ്ങൾ എല്ലാം വറ്റിവരണ്ട അവസ്ഥയിൽ തന്നെയാണ് നിൽക്കുന്നത്. പേരിന് പെയ്ത മഴയ്ക്ക് നിളയെ നിറയ്ക്കാനായില്ല. ഭാരതപ്പുഴ ഇപ്പോഴും വെള്ളത്തിന്റെ കാര്യത്തിൽ മെലിഞ്ഞുണങ്ങി തന്നെയാണ് കിടക്കുന്നത്. പച്ച പ്പുല്ലുകൾ വളർന്നുവന്നു എന്നത് മാത്രമാണ് മഴ കൊണ്ട് ലഭിച്ച ഏകനേട്ടം. ഭാരതപ്പുഴയില്‍ ജലനിരപ്പ് താഴ്ന്നു തന്നെ കിടക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. പാലക്കാടിന്റെ പടിഞ്ഞാറന്‍മേഖലയിലെ കുടിവെള്ളപദ്ധതികള്‍ ഈ നില തുടർന്നാൽ പ്രതിസന്ധിയിലാവും.
നീരൊഴുക്ക് നിലച്ച നിളയില്‍ അങ്ങിങ്ങായി മാത്രമാണ് ജലം ശേഷിക്കുന്നത്. തടയണകളിൽ മാത്രം ജലമുണ്ട്. പുഴയില്‍ വെള്ളം കുറഞ്ഞപ്പോള്‍ കിണറുകളെയെല്ലാം ഇത് ബാധിച്ചു. മിക്കയിടത്തും കുടിവെള്ളക്ഷാമമുണ്ട്. കുഴല്‍കിണറുകളില്‍ ജലവിതാനം താഴ്ന്നു. തോട്ടം നനയ്ക്കാനും വാഹനങ്ങൾ കഴുകാനുമൊക്കെ പൈപ്പുവെളളം ഉപയോഗപ്പെടുത്തരുതെന്നാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ അറിയിപ്പ്.