അഭിമാനകരമായ വിധി
വീട്ടമ്മമാരുടെ അധ്വാനത്തിന് സാന്പത്തികമൂല്യം കൽപ്പിച്ച സുപ്രീംകോടതിയുടെ വിധി എല്ലാ സ്ത്രീകൾക്കും അഭിമാനകരമാണ്. ‘രാഷ്ട്രശില്പികൾ’ എന്ന വിശേഷണം വീട്ടമ്മമാരുടെ യഥാർഥ പങ്കിനെ സമൂഹത്തിനുമുന്നിൽ എത്തിച്ചിരിക്കുകയാണ്. ഈ ചരിത്രപരമായ തീരുമാനത്തെ ഹൃദയംനിറഞ്ഞ് സ്വാഗതം ചെയ്യുന്നു.
മിനി ഗോപൻ , അധ്യാപിക, വരാക്കര ഗുരുദേവ പബ്ലിക് സ്കൂൾ
വീട്ടുവേലക്കാരെന്ന ധാരണ മാറണം
സുപ്രീംകോടതിയുടെ സുപ്രധാനവിധിയിൽ സ്ത്രീ എന്ന നിലയിൽ അഭിമാനം. വീട്ടമ്മമാരുടെ മൂല്യത്തെ എത്രകണ്ട് സമൂഹം വിലകൽപ്പിക്കുന്നു എന്നൊരു വീക്ഷണംകൂടി ഉണ്ടാകേണ്ടതുണ്ട്. ഇപ്പോഴും വീട്ടമ്മമാർ വെറും വീട്ടുവേലക്കാർ മാത്രമാണെന്ന ധാരണ വച്ചുപുലർത്തുന്ന കുടുംബങ്ങൾ ധാരാളമുണ്ട്. ഈ ധാരണകൾക്ക് മാറ്റം വരണമെങ്കിൽ ഒരു വിധികൊണ്ട് മാത്രം കാര്യമില്ല. സമൂഹം അത്തരം കാര്യങ്ങൾ ഗൗരവമായി എടുക്കേണ്ടതുണ്ട്.
ദീപ സുഷീൽ, അധ്യാപിക, ചെന്നൈ
വീട്ടിലെ ജോലി തുല്യമായി ചെയ്യുന്നതാണ് അഭികാമ്യം
വീട്ടമ്മമാർക്ക് മുപ്പതിനായിരം രൂപ ശന്പളം കണക്കാക്കണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം വളരെ വ്യത്യസ്തമായി തോന്നുന്നു. പലപ്പോഴും വീട്ടമ്മമാരുടെ സേവനത്തിന് വീട്ടിലെ മറ്റുള്ളവർ മൂല്യം കൽപ്പിക്കാറില്ല. ഇതേ ജോലി മറ്റൊരിടത്തു ചെയ്യുന്പോൾ നല്ല ശന്പളം ലഭിക്കുന്നുമുണ്ട്. ഇന്നത്തെ സ്ത്രീകൾ ഭൂരിപക്ഷവും പുറത്തു വരുമാനം ലഭിക്കുന്ന ജോലി താൽപര്യപ്പെടുന്നവരാണ്. വീട്ടിലെ ജോലി എല്ലാവരും തുല്യമായി ചെയ്യുന്നതാണ് അഭികാമ്യം.
ബീന ഡേവിസ്, മുൻ മുനിസിപ്പൽ കൗണ്സിലർ, ചാലക്കുടി
വീട്ടമ്മമാർ രാഷ്ട്രനിർമിതി നിർവഹിക്കുന്നവർ
വീട്ടിലിരിക്കുന്നവർ വെറുതെയിരിക്കുന്നവരല്ല എന്നത് ഏതുകാലത്തും സാമൂഹികപ്രവർത്തകരും ഫെമിനിസ്റ്റുകളും പറഞ്ഞിരുന്ന കാര്യമാണ്. സുപ്രീംകോടതി ഇപ്പോൾ ഇതു കണ്ടെത്തിയതിൽ വളരെ സന്തോഷം. വീട്ടമ്മമാർ ഹോം മേക്കേഴ്സാണ്. വീടുകളിലൂടെ സമൂഹം നിർമിക്കുന്നവർ. അവർ ജിഡിപി വർധിപ്പിക്കുന്നവരാണെന്ന കണ്ടെത്തലും അഭിമാനകരം. വീട്ടമ്മമാരുടെ പങ്ക് രാഷ്ട്രനിർമിതിക്കു വേണ്ടിക്കൂടി ഉള്ളതാണെന്നു മനസിലാക്കുന്ന കോടതികൾ ഉണ്ടാകുന്നുവെന്നതാണ് ഏറ്റവും അഭിമാനകരം.
അഡ്വ. കുക്കു ദേവകി, സാമൂഹിക പ്രവർത്തക- തൃശൂർ
വീട്ടമ്മമാർ വെറുതെ ഇരിക്കുന്നവരെന്ന് ചിന്തിക്കുന്ന സമൂഹത്തിനുള്ള അടി
വീട്ടമ്മ വെറും ഹൗസ് വൈഫ് അല്ല, രാഷ്ട്രനിർമാതാവാണെന്ന സുപ്രീംകോടതി വിധി, കാലങ്ങളായി കാണാതെപോയ സ്ത്രീകളുടെ അധ്വാനത്തിനുനേരെ പിടിച്ച കണ്ണാടിയാണ്. അവരുടെ ഇക്കാലംവരെയുള്ള അധ്വാനത്തെ ഈ വിധി വിലമതിക്കുന്നു. വീട്ടമ്മ ഒരേസമയം പത്തോളം ജോലി ചെയ്യുന്നു. പുറത്ത് ഇതിനെല്ലാം വെവ്വേറെ ആളെവച്ചാൽ മാസം 50,000 രൂപയിൽ കൂടുതൽ നൽകണം. വീട്ടമ്മമാരെ വെറുതെ ഇരിക്കുന്നവർ എന്നു കാണുന്ന സമൂഹമനോഭാവത്തിനുള്ള അടിയാണ് ഈ വിധി. സുപ്രീം കോടതിക്ക് അഭിവാദ്യങ്ങൾ. ഓരോ ഹോംമേക്കർക്കും ബിഗ് സല്യൂട്ട്.
ഇ.എ. ഹവ്വ, കൊടുങ്ങല്ലൂർ, അധ്യാപിക, എഴുത്തുകാരി, സിനിമാതാരം
കുടുംബത്തിനുവേണ്ടിയുള്ള അധ്വാനം സ്നേഹവും ആത്മാർഥതയും കൊണ്ട്
സുപ്രീം കോടതിവിധി സന്തോഷം പകരുന്ന ഒന്നാണ്. ഒരു വീട്ടമ്മയുടെ സാങ്കൽപ്പികവരുമാനം മുപ്പതിനായിരം രൂപ എന്നു പറയുന്പോൾ അതൊരിക്കലും നിർബന്ധമായി പിടിച്ചുവാങ്ങാനാവില്ല. വീട്ടമ്മയുടെ അധ്വാനത്തിന് ഇത്രയും വില ഉണ്ടെന്നുള്ളതു സമൂഹം ഇനിയും അംഗീകരിക്കണമെന്നില്ല. എന്നാൽ സത്യമതാണ്. ഒരു വീട്ടമ്മ തന്റെ കുടുംബത്തിനുവേണ്ടി രാപ്പകൽ നടത്തുന്ന അധ്വാനം സ്നേഹവും ആത്മാർഥതയും കൊണ്ടാണ്. അതിനെ ആരും വിലമതിക്കാറില്ല.
ശ്രീകല ഷാജു, ഒല്ലൂർ
വീട്ടമ്മയുടെ അധ്വാനത്തെയും സമർപ്പണത്തെയും അംഗീകരിക്കണം
വീട്ടമ്മമാർ ചെയ്യുന്ന സേവനങ്ങൾ പ്രതിഫലം
ലഭിക്കാത്തവയാണെങ്കിലും മൂല്യം അളക്കാനാവാത്തതാണ്. ഒരു കുടുംബത്തിന്റെ സന്തോഷത്തിനും സുരക്ഷയ്ക്കും അടിത്തറ പാകുന്നതും ഭാവിതലമുറയെ വളർത്തിയെടുക്കുന്നതും അവരുടെ അക്ഷീണമായ പരിശ്രമമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രനിർമ്മാണത്തിലും കുടുംബക്ഷേമത്തിലും വീട്ടമ്മമാർ വഹിക്കുന്ന പങ്ക് നിർണായകമാണ്. അവരുടെ അധ്വാനത്തിനും സമർപ്പണത്തിനും സമൂഹം അർഹിക്കുന്ന അംഗീകാരവും ബഹുമാനവും നൽകേണ്ട സമയമാണിത്.
വിദ്യ രമേഷ്, വൈസ് പ്രസിഡന്റ്, ചേർപ്പ് ഗ്രാമപഞ്ചായത്ത്.
വീട്ടമ്മമാർക്ക് സർക്കാർ പാരിതോഷികം പരിഗണിക്കണം
സുപ്രീകോടതിയുടെ നിരീക്ഷണവും വിധിയും ചരിത്രമാണ്. അതിരാവിലെ മുതൽ രാത്രി വരെ സ്വന്തം കുടുംബത്തിനുവേണ്ടി കൂലിയില്ലാപ്പണിയെടുക്കുന്ന വീട്ടമ്മയെന്ന വേലക്കാരിയുടെ സേവനം ആരും തിരിച്ചറിയാറില്ല. അവരാണു ശരിക്കും ഹൗസ് മേക്കർ. അതു കോടതി തിരിച്ചറിഞ്ഞു, സർക്കാരും കണ്ടറിയണം. വീട്ടുപണിചെയ്യുന്ന കുടുംബനാഥകൾക്ക് പാരിതോഷികം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കണം.
പി.വി. എൽസി പാലയൂർ, ഒരുമനയൂർ.
പരസ്പരബഹുമാനം വർധിക്കും
പുറത്തുള്ള ഏതു ജോലിയെക്കാളും ഉത്തരവാദിത്വവും കഷ്ടപ്പാടുമാണ് കുട്ടികളെ വളർത്തുന്നതും കുടുംബംനോക്കുന്നതും. ഒരു വിഭാഗം സമൂഹം ഇന്നിതു മനസിലാക്കി വിലമതിക്കുന്നു. മാറാതിരിക്കുന്നവർക്ക് ഓർമപ്പെടുത്തലാണ് സുപ്രീംകോടതി വിധി. വർഷങ്ങളായി തങ്ങൾ ചെയ്യുന്ന അധ്വാനത്തിന് നിയമപരമായ അംഗീകാരം ലഭിക്കുന്നത് വലിയ ആശ്വാസമാണ്. പണത്തിനപ്പുറം വീട്ടമ്മമാരുടെ അന്തസ് ഉയർത്തുന്ന ഒന്നാണിത്. സുപ്രീം കോടതി നിരീക്ഷണം ഗാർഹികജോലികൾ പങ്കുവയ്ക്കാനും പരസ്പരബഹുമാനം വർധിപ്പിക്കാനും സഹായിക്കും.
സിജി ജോസ് ഒല്ലൂർ, അവതാരക
എല്ലാജോലിക്കും മൂല്യം
പുരുഷൻ അധ്വാനിച്ചുവരുന്പോൾ സ്ത്രീ വീട്ടിനുള്ളിൽ വെറുതെ ഇരിക്കുന്നു എന്ന പതിവുചൊല്ലിനെയാണ് സുപ്രീംകോടതി തിരുത്തിയിരിക്കുന്നത്. സ്ത്രീ രാവന്തിയോളം വീട്ടിനുള്ളിലെ ജോലി ചെയ്താലെ പുരുഷവർഗത്തിന് അവന്റെ നിത്യേനയുള്ള കാര്യങ്ങൾ നടന്നുകിട്ടൂ. സുപ്രീംകോടതി വിധി തികച്ചും സ്വാഗതർഹം. എല്ലാ ജോലിക്കും അതിന്റെതായ മൂല്യം ഉണ്ടെന്ന് ഈ വിധിയിലൂടെ സമൂഹത്തിനു മനസിലാക്കിക്കൊടുക്കാൻ സാധിച്ച സുപ്രീംകോടതിക്ക് അഭിനന്ദനങ്ങൾ.
സോണിയ ജെയിംസ്, മാള
സമൂഹത്തിന്റെ കണ്ണുതുറപ്പിക്കും
സ്ത്രീകളുടെ സാങ്കല്പിക പ്രതിമാസപ്രതിഫലം 30,000 രൂപയായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധി പൊതുസമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്നതാണ്. പ്രഭാതം മുതൽ പ്രദോഷം വരെ സ്ത്രീ ചെയ്തുകൂട്ടുന്ന ഗാർഹികജോലികളുടെ മഹത്വം കണക്കിലെടുക്കാൻ ഇതുവരെ ആരും മുതിർന്നിട്ടില്ല. സുപ്രീംകോടതി വിധിയിലൂടെ കേവലം അപകടത്തിൽ മരിച്ച ഒരു സ്ത്രീയുടെ നഷ്ടപരിഹാരത്തിന്നപ്പുറം കുടുംബപരിപാലനം രാഷ്ട്രനിർമിതിയാണെന്ന സുപ്രീംകോടതിയുടെ കാഴ്ചപാട് അഭിനന്ദനാർഹം തന്നെ.
കെ.എ. ബർണാഡീത്ത, റിട്ട. പ്രധാനാധ്യാപിക, എയുപി സ്കൂൾ, ഗുരുവായൂർ.
പുരുഷാധിപത്യത്തിനുള്ള മറുപടി
ജോലിസ്ഥലത്തെയും വീടിനെയും ഒരുപോലെ ബാലൻസ് ചെയ്യാൻ ശ്രമിക്കുന്ന ഞങ്ങൾക്ക് ഏറെ അഭിമാനകരമാണ് സുപ്രീംകോടതി പരാമർശം. ശന്പളച്ചീട്ടുകളിലോ ഒൗദ്യോഗികരേഖകളിലോ രേഖപ്പെടുത്തപ്പെടാത്ത അനേകം ജോലികളുടെ ആകെത്തുകയാണു വീട്ടമ്മയുടെ ഒരു ദിവസം. ഒരു വീടിന്റെ ചുമരുകൾക്കുള്ളിൽ നിശബ്ദമായി വെന്തമർന്ന് തീരുന്നവരുടെ അധ്വാനത്തിനു സമൂഹം നൽകുന്ന അംഗീകാരമായാണ് ഈ വിധിയെ ഞാൻ കാണുന്നത്. വീട്ടമ്മമാരുടെ ആത്മാഭിമാനത്തിനും അർഹമായ സാമൂഹിക അംഗീകാരത്തിനും നൽകുന്ന ശക്തമായ സന്ദേശവും വീട്ടകങ്ങളിലെ "നീ ഇവിടെ എന്താടീ ചെയ്യണേ’ എന്ന പുരുഷാധിപത്യ ചോദ്യങ്ങൾക്കുള്ള മറുപടികൂടിയാണിത്.
ശ്രീജ വിധു കൊരട്ടി,അധ്യാപിക, എഴുത്തുകാരി.
ആശ്രിതരായി തഴയാനാകില്ല
വീടിന്റെ നെടുന്തൂണുകൾ ആണ് വീട്ടമമാർ. അമ്മയില്ലാത്ത വീട് ശൂന്യമാണ്. ഇന്നത്തെ രാഷ്ട്രത്തിന്റെ നിർമിതിക്കു പുരുഷനൊത്ത് സ്ത്രീകളും വലിയ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആശ്രിതർ എന്നു കണക്കാക്കി വീട്ടമ്മമാരെ തഴയാനാകില്ല. അവർക്കും തുല്യ നഷ്ടപരിഹാരം ലഭിക്കണം. വിധിയെ മാനിക്കുന്നു, സ്വാഗതാർഹം ചെയ്യുന്നു.
റോസിലി ജോയ്, പ്രസിഡന്റ്, അവിണിശേരി ഗ്രാമപഞ്ചായത്ത്.
അധ്വാനത്തിനുള്ള അംഗീകാരം
വീട്ടമ്മമാരുടെ സേവനത്തിനു പ്രതിമാസം ചുരുങ്ങിയത് 30,000 രൂപ വില കൽപ്പിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. ‘വീടിന്റെ പരിപാലനം രാഷ്ട്രപരിപാലനമാണ് ’ എന്ന കോടതി നിരീക്ഷണം പതിറ്റാണ്ടുകളായി ശന്പളമില്ലാതെ അധ്വാനിക്കുന്ന സ്ത്രീകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്. വീട് മേക്ക് ചെയ്യുന്നവളാണു സ്ത്രീ.
നെജു ഇസ്മയിൽ കൊടുങ്ങല്ലൂർ - സ്ത്രീകൂട്ടായ്മ
പൗരന്മാരെ വാർത്തെടുക്കുന്നവർ
സുപ്രീംകോടതി വിധിയിലൂടെ വീട്ടമ്മ എന്ന മൂല്യമില്ലാത്ത വാക്കിൽനിന്ന് രാഷ്ട്രനിർമ്മാതാവ് എന്ന നിലയിലേക്കു നമ്മൾ എത്തിയിരിക്കുന്നു. രാഷ്ട്രനിർമാണത്തിൽ പൗരന്മാരെ വാർത്തെടുക്കുന്നതു വീട്ടമ്മമാർ തന്നെയാണ്. ഒരു കുടുംബത്തിലെ മുഴുവൻ കാര്യങ്ങളും നോക്കിനടത്തുന്നവരോട് എന്താ ജോലി എന്നു ചോദിച്ചാൽ വെറുതെ ഇരിക്കുകയാണെന്നാണു മറുപടി. പുലർച്ചെ മുതൽ രാത്രി ഉറങ്ങുംവരെ ജോലി ചെയ്യുന്ന ഓരോ വീട്ടമ്മയ്ക്കും ഈ വിധി അഭിമാനവും സന്തോഷവും തരുന്നതാണ്.
സ്മിത സുകുമാരൻ - അധ്യാപിക, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം,
ആത്മവിശ്വാസം നൽകുന്നത്
സുപ്രീംകോടതിയുടെ വിധിയെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ആധുനികസമൂഹത്തിൽ ജോലി ഉള്ളവരെന്നും ഇല്ലാത്തവരെന്നുമുള്ള വേർതിരിവ് പലപ്പോഴും വീട്ടമ്മമാരെ മാനസികമായി തളർത്താറുണ്ട്. പലപ്പോഴും അവരുടെ ജീവിതസാഹചര്യങ്ങളാണു ജോലിക്കു പോകാൻ തടസം നിൽക്കുന്നതെന്ന യാഥാർഥ്യം പലരും തിരിച്ചറിയാറില്ല.
ഗ്രേസി എം. പോൾ, റിട്ട. ബ്രിഗേഡിയർ, പട്ടിക്കാട്
ഭാര്യക്ക് ജോലിയില്ല എന്ന വർത്തമാനം അവസാനിക്കണം
മിക്കവാറും ഒരു സാധാരണ വീട്ടമ്മയുടെ ജോലിസമയം പതിനെട്ടു മണിക്കൂർ ആയിരിക്കും. അവർ ഒരു പ്രത്യേക ജോലി അല്ലല്ലോ ചെയ്യുന്നത്. തൊഴിൽവൈദഗ്ധ്യം ഇല്ലാത്ത ജോലിക്കാർക്കുപോലും എട്ടു മണിക്കൂർ ജോലിക്ക് ഇപ്പോൾ ദിവസം 1300 രൂപ കൊടുക്കണം. അങ്ങനെ നോക്കുന്പോൾ വീട്ടമ്മയുടെ പതിനെട്ട് മണിക്കൂർ ജോലിക്ക് ദിവസത്തിൽ ആയിരം രൂപ വളരെ കുറഞ്ഞ വേതനമാണ്. സ്ത്രീകളുടെ വീട്ടുജോലിക്ക് മൂല്യമുണ്ടെന്നു സുപ്രീകോടതി പരാമർശിച്ചതിലും അവരെ രാഷ്ട്രനിർമ്മാതാക്കളെന്നു ബഹുമാനിച്ചതിലും സന്തോഷമുണ്ട്. സ്ത്രീകളുടെ വേതനമില്ലാത്ത, നിരന്തരജോലികളെക്കുറിച്ച് അനുഭാവപൂർണമായ രേഖപ്പെടുത്തൽ ബോധപൂർവം ഉണ്ടാകണം. വീട്ടുജോലി അന്തസ് കുറഞ്ഞ ഏർപ്പാടാണെന്ന വിചാരം ഇല്ലാതിരിക്കാൻ അതു സഹായിക്കും. ഭാര്യക്ക് ജോലിയില്ല എന്ന വർത്തമാനം അവസാനിക്കേണ്ടത് അത്യാവശ്യമാണ്.
എച്ച്മുക്കുട്ടി, എഴുത്തുകാരി.