പെരിയ: പുതിയ ദേശീയപാതയിൽ കുമ്പള ആരിക്കാടിയിലെ ടോൾ പ്ലാസ അടച്ചുപൂട്ടേണ്ടിവന്നതിന്റെ നഷ്ടം തീർക്കുന്നതിനായി ചാലിങ്കാലിലെ നിർദിഷ്ട ടോൾ പ്ലാസ എത്രയും പെട്ടെന്ന് പ്രവർത്തനക്ഷമമാക്കാൻ ദേശീയപാത അധികൃതരുടെയും കരാറുകാരുടെയും നീക്കം. ചാലിങ്കാൽ ഉൾപ്പെടുന്ന രണ്ടാം റീച്ചിൽ പലയിടങ്ങളിലും ദേശീയപാതയുടെയും സർവീസ് റോഡുകളുടെയും ഓവുചാലുകളുടെയും പണി പൂർത്തിയാകുന്നതിനു മുമ്പാണ് ടോൾ പ്ലാസ തുറക്കാൻ നീക്കം നടക്കുന്നത്. ടോൾ പ്ലാസയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുമ്പോൾ സമീപപ്രദേശങ്ങളിലേക്കുള്ള റോഡും ഓവുചാലുകളും അടയുന്ന സ്ഥിതിയാണ്. ഇതിനെതിരേ കഴിഞ്ഞദിവസം നാട്ടുകാർ നിർദിഷ്ട ടോൾ പ്ലാസയ്ക്കു മുന്നിലെത്തി പ്രതിഷേധിച്ചു.
ടോൾ പ്ലാസ നിർമാണം നടക്കുന്ന ഭാഗത്ത് ഓവുചാലുകൾ നിർമിക്കാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഇവിടെ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഈ വെള്ളമത്രയും ദേശീയപാതയേക്കാൾ താഴ്ചയിലുള്ള ചാലിങ്കാൽ-കുന്നുമ്മങ്ങാനം റോഡിലേക്ക് കുത്തിയൊഴുകി. ഇതോടെ ഈ റോഡ് മണിക്കൂറുകളോളം പൂർണമായും വെള്ളത്തിനടിയിലായിരുന്നു. അരയോളം ഉയരത്തിൽ വെള്ളമൊഴുകിയതോടെ കാൽനടയാത്രക്കാർക്കുപോലും ഇതുവഴി പോകാൻ കഴിയാതായി. ഇരുവശങ്ങളിലുമുള്ള മതിലുകൾക്കും ഗേറ്റുകൾക്കും ഇടയിലൂടെ സമീപത്തെ വീട്ടുമുറ്റങ്ങളിലേക്കും പറമ്പുകളിലേക്കും വെള്ളം കുതിച്ചൊഴുകി. വെള്ളമിറങ്ങിയപ്പോൾ റോഡിന്റെ പല ഭാഗങ്ങളിലും ടാറിംഗ് ഇളകിയ നിലയിലാണ്.
ചാലിങ്കാൽ എണ്ണപ്പാറ പ്രദേശത്തേക്കുള്ള റോഡ് പൂർണമായും അടച്ചാണ് ടോൾ പ്ലാസ നിർമാണം നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. എണ്ണപ്പാറയിലെ കുടുംബങ്ങൾക്ക് റോഡൊരുക്കാൻ ടോൾ പ്ലാസയുടെ വടക്കുഭാഗത്ത് ആറുമീറ്റർ വീതിയിൽ സ്ഥലം അനുവദിക്കാമെന്ന നിർദേശം നിർമാണ കരാറുകാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പുകിട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം നാട്ടുകാർ സംഘടിച്ചെത്തിയതിനെ തുടർന്ന് അമ്പലത്തറ പോലീസും നിർമാണ കരാറുകാരായ മേഘ ഇൻഫ്രാസ്ട്രക്ചറിന്റെ പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. ടോൾ പ്ലാസ നിർമാണം നിർത്തിവയ്ക്കാനാകില്ലെന്നും പ്രദേശത്തെ പ്രശ്നങ്ങൾ എൻഎച്ച്എഐ പ്രോജക്ട് മാനേജർക്ക് മുന്നിൽ അവതരിപ്പിക്കാമെന്നുമുള്ള നിലപാടാണ് നിർമാണ കരാറുകാർ സ്വീകരിച്ചത്. ടോൾ പ്ലാസയുമായി ബന്ധപ്പെട്ട് നാട്ടുകാർക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർമസമിതി രൂപീകരിക്കുന്ന കാര്യത്തിൽ ഭരണസമിതിയുടെ അംഗീകാരം തേടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത അറിയിച്ചു.